മുംബൈ: 2027 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത മുന്‍ നായകനെ വീണ്ടും ചുമതല ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് ഫ്രാഞ്ചൈസി ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശര്‍മ്മയെ നായകസ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയുടെ ക്യാപ്റ്റനാക്കിയത്. ഹാര്‍ദിക്കിന് കീഴില്‍ 2024ല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ. 2025ല്‍ പ്ലേഓഫിലെത്തിയെങ്കിലും കിരീടം നേടാനായില്ല. 2026 സീസണിലും ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെയാണ് നായകസ്ഥാനത്തും ടീമിന്റെ ഭാവി പദ്ധതികളിലും മാറ്റങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്.
ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ തുടങ്ങിയവരുടെ പേരുകളും നേരത്തേ നായകസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ടി20 ടീമിനെ നയിച്ച പരിചയമാണ് സൂര്യകുമാറിന്റെ സാധ്യതകള്‍ ചര്‍ച്ചയാകാന്‍ കാരണം. ഇന്ത്യയുടെ ടി20 ടീമില്‍ വൈസ് ക്യാപ്റ്റന്‍ ചുമതല ലഭിച്ച തിലക് വര്‍മ്മയെയും ഭാവി നായകനായി മുംബൈ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2027 സീസണില്‍ രോഹിത് ശര്‍മ്മയ്ക്ക് വീണ്ടും നായകചുമതല നല്‍കാനുള്ള സാധ്യതയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ തിലക് വര്‍മ്മയെയോ മറ്റൊരു താരത്തെയോ ഭാവി നായകനായി വളര്‍ത്തിയെടുക്കാനാകുമെന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം നിലവില്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും അഭ്യൂഹങ്ങളിലും ഒതുങ്ങുന്ന കാര്യങ്ങളാണ്. നായകസ്ഥാനത്തെ മാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y54r3ZR4
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് തുടങ്ങിയ ടീമുകളുമായി ഹാര്‍ദിക്കിനെ ബന്ധപ്പെടുത്തി ട്രേഡ് ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഫ്രാഞ്ചൈസികള്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ മുംബൈയുമായി ബന്ധപ്പെട്ടതായും വാര്‍ത്തകളുണ്ട്. എന്നാല്‍ താരത്തിന്റെ കൈമാറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. രാജസ്ഥാന് റോയല്‍സുമായി ട്രേഡ് നടന്നാല്‍ യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മുംബൈ സ്വന്തമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. രോഹിത്തിന് ശേഷം ടീമിന്റെ ബാറ്റിങ് നിരയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ താരത്തെ സ്വന്തമാക്കുക എന്നതാകും ഇതിലൂടെ മുംബൈ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.















