ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബോളിൽ 64 ഗോളുമായി ഛേത്രി ഗോൾവേട്ടയിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയ്ക്ക് ഒപ്പമെത്തി. ദേശീയ ടീമിന് വേണ്ടി നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ഛേത്രി മെസിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്.
81 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇനി ഛേത്രിയ്ക്ക് മുന്നിലുള്ളത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ കെനിയക്കെതിരെ നേടിയ ഇരട്ട ഗോളാണ് ഛേത്രിയെ നേട്ടത്തിലെത്തിച്ചത്. 102 മത്സരങ്ങളിൽ നിന്നാണ് ഛേത്രിയുടെ നേട്ടം.
124 മത്സരത്തിൽ നിന്നാണ് മെസി 64 ഗോളുകൾ നേടിയത്. ക്രിസ്റ്റ്യാനോ 150 മത്സരങ്ങളിൽ നിന്നാണ് ഗോൾ നേട്ടം കൈവരിച്ചത്.
അതേസമയം, ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ കിരീടം ഇന്ത്യ സ്വന്തമാക്കി. കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ പകുതിയിൽ സുനിൽ ഛേത്രി നേടിയ ഇരട്ടഗോളാണ് ഇന്ത്യയെ കിരീട നേട്ടത്തിലെത്തിച്ചത്.















