Special

ജനതക്കായി പടവെട്ടിയ ധീരവനിത; ഝാന്‍സിയുടെ ധീര സ്മരണയില്‍ ഭാരതം

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റേയും പ്രതിബിംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തലയെടുപ്പോടെ പട നയിച്ചവള്‍. ഝാന്‍സിയുടെ റാണി, റാണി ലക്ഷ്മി ഭായ് എന്ന മണികര്‍ണ്ണിക.

വാരണസിയില്‍ ജനിച്ച മണികര്‍ണ്ണിക, രാജാവ് ഗംഗാധര്‍ റാവു നേവാള്‍ക്കറിന്റെ ജീവിത സഖിയായായാണ് ഝാന്‍സിയിലെത്തുന്നത്. ഭര്‍ത്താവിന്റെ വിയോഗശേഷം സ്ത്രീകള്‍ ഭൗതിക ജീവിതം തന്നെ ഉപേക്ഷിക്കുന്ന കാലത്ത്, രാജ്യഭരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു ഝാന്‍സി റാണി. നാടിനെ വറുതിയില്‍ നിന്ന് കൈകപ്പിടിച്ച് ഉയര്‍ത്തി.

ദത്തവകാശ നിരോധന നിയമ പ്രകാരം ഝാന്‍സിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേര്‍ത്തപ്പോള്‍, വളയിട്ട കൈകളുമായി തുറന്ന പോരിനിറങ്ങി. വിരുദ്ധ ചേരിയില്‍ നിന്ന നാട്ടുരാജാക്കന്‍മാരെ ഒരുമിപ്പിച്ച് റാണി നടത്തിയ പോരാട്ടം ഭാരതീയ ചരിത്രത്തിലെ സുവര്‍ണ്ണ ഏടായി പരിണമിച്ചു. മണികര്‍ണികയെ മാതൃകയാക്കി ആയുധമെടുക്കാനും തൊടുക്കാനും നിര്‍മ്മിക്കാനും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം.

1858ല്‍ ഝാന്‍സി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളര്‍ത്തു മകന്‍ ദാമോദറിനെ ശരീരത്തോട് ചേര്‍ത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാണ്‍ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി. ശത്രുവിന്റെ വാള്‍ത്തലപ്പില്‍ ശിരസ്സിന്റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവര്‍ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്റെ തലയറുത്തതിനു ശേഷമാണ് ആ ധീര വനിത പിടഞ്ഞുവീണത്.

ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നില്‍ ഝാന്‍സിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .വിപ്ലവകാരികളുടെ ജഡത്തെപ്പോലും അപമാനിക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുന്‍പ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളില്‍ ഏറ്റവും തിളക്കമേറിയ തീനാമ്പുകള്‍ ഉയര്‍ന്നു വന്നത് ആ യുവതിയുടെ പട്ടടയില്‍ നിന്നായിരുന്നു .

ദത്തവകാശ നിരോധന നിയമം ഉപയോഗിച്ച് ഡല്‍ഹൗസി ഝാന്‍സിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേര്‍ത്തപ്പോഴാണ് ഝാന്‍സിയെ തൊടാന്‍ ആര്‍ക്കാണ് ധൈര്യമെന്ന് ഗര്‍ജ്ജിച്ച് റാണി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തുറന്ന പോരിനിറങ്ങിയത്.

ഝാന്‍സിയില്‍ വച്ച് ബ്രിട്ടീഷ് പട്ടാളവുമായി നടന്ന കടുത്ത പോരാട്ടത്തിലാണ് ഝാന്‍സി റാണിയെന്ന സമരദേവതയുടെ പ്രഭാവം ലോകം കണ്ടത് .ഝാന്‍സിയുടെ പോരാളികള്‍ക്ക് ഊര്‍ജ്ജമേകി അവര്‍ കോട്ടയില്‍ മിന്നല്‍ പിണര്‍ കണക്കെ പാഞ്ഞുവത്രെ. ആയുധമെടുക്കാനും തൊടുക്കാനും നിര്‍മ്മിക്കാനും പുരുഷന്മാരോടൊപ്പം സ്ത്രീകളും പൂര്‍ണമായും പങ്കെടുത്തുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് .

1857 ലെ സ്വാതന്ത്ര്യ സമരയോദ്ധാക്കളിലെ ഏറ്റവും ധീരയായ പോരാളിയാണ് ലക്ഷ്മീ ഭായിയെന്ന് ബ്രിട്ടീഷ് പട്ടാളത്തലവന്‍ സര്‍ ഹ്യൂഗ് റോസ് രേഖപ്പെടുത്തി . ഭാരതമാകട്ടെ ആ മഹതിയുടെ ഓര്‍മ്മകള്‍ അനശ്വരമാക്കാന്‍ അവളുടെ കുഞ്ഞുങ്ങള്‍ക്ക് റാണിയുടെ നാമം നല്‍കി ആദരിച്ചു .എന്തിനേറെ സുഭാഷ് ചന്ദ്രബോസ് ഐ എന്‍ എ യുടെ വനിതാവിഭാഗത്തിനും അതേ പേരു നല്‍കി.

യുദ്ധവും പോരാട്ടവുമൊക്കെ പൗരുഷത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്ന കാലത്ത് അത്തരം ചിന്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച അവര്‍ അങ്ങനെ ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാനത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുക കൂടീ ചെയ്തു .

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close