മോസ്കോ: ആവേശം നിറഞ്ഞു നിന്ന കളിയില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. സമനിലയെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളിലാണ് സ്വീഡനെ ജര്‍മനി വീഴ്ത്തിയത്. ജയത്തോടെ ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ കൂടി.
ആദ്യപകുതിയില്‍ ടോയ്വോനന് നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ സ്വീഡനെ, രണ്ടാം പകുതിയില്‍ മാര്‍ക്കോ റ്യൂസ് (48), ടോണി ക്രൂസ് എന്നിവരുടെ ഗോളുകളില്‍ പിന്നിലാക്കിയാണ് ജര്‍മനിയുടെ ജയം. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞു നിന്ന ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ പ്രകടനവും നിര്‍ണായകമായി.
എണ്‍പത്തിരണ്ടാം മിനിറ്റില്‍ ജെറോം ബോട്ടെങ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായതോടെ ജര്‍മനി പത്തു പേരായി ചുരുങ്ങി. പിന്നീട് ഈ പത്തു പേരെയും കൊണ്ടാണ് ജര്‍മനി വിജയഗോള്‍ നേടിയത്.
വിജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ജര്‍മനിക്ക് മൂന്നു പോയിന്റായി. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയ സ്വീഡനും മൂന്നു പോയിന്റുണ്ട്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച മെക്സിക്കോക്ക് ആറു പോയിന്റ് ഉണ്ടെങ്കിലും മൂന്നു ടീമുകളും പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രൂപ്പിലെ വരാനിരിക്കുന്ന രണ്ട് കളികളും ഇനി മൂന്നു ടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ടു കളികളും തോറ്റ ദക്ഷിണ കൊറിയ പുറത്തായിക്കഴിഞ്ഞു.















