തിരുവല്ല: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കി. ക്രൈം ബ്രാഞ്ച് മേധാവി ഷേഖ് ദര്‍ബേഷ് സാഹിബിനാണ് അന്വേഷണച്ചുമതല.
അണ് എയ്ഡഡ് സ്കൂളിലെ അധ്യാപികയായിരുന്ന യുവതിയെ ചൂഷണം ചെയ്തുവെന്ന് കാണിച്ച് തിരുവല്ല സ്വദേശിനിയുടെ ഭര്‍ത്താവാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്നും തിരുവല്ല, ഡല്‍ഹി ഭദ്രാസനങ്ങളില്‍ നിന്ന് രണ്ടും അടക്കം 5 വൈദികരെ സഭ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ നിന്നും സഭ തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, ഇതിന്മേല് അന്വേഷണം സാധ്യമല്ലെന്നാണ് പോലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നല്കിയാല് കേസെടുത്ത് അന്വേഷിക്കുമെന്നും അന്ന് പോലീസ് അറിയിച്ചിരുന്നു.