തിരുവനന്തപുരം: താരസംഘടനയിലെ പ്രശ്നത്തിൽ ഇടത് എംഎൽഎമാരെ സംരക്ഷിച്ച് സിപിഎം. അമ്മ വിഷയത്തിൽ എംഎൽഎമാരായ മുകേഷിനോടും ഗണേഷ് കുമാറിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. വിഷയം രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നേതൃത്വം വ്യക്തമാക്കി.
നേരത്തെ ഇടതുപക്ഷ മന്ത്രിയായ ജി സുധാകരനും പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടും അമ്മയിലെ ഇടത് എംഎൽഎമാരെയും എംപിയേയും വിമർശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനും അമ്മയ്ക്ക് എതിരായ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇത് പാടെ തള്ളിക്കൊണ്ടാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ എംഎൽഎമാരെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് അറിയിച്ചത്.
ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് അമ്മയിൽ തിരിച്ചെടുത്ത നിലപാടിനോട് സിപിഎം ഒരുതരത്തിലും യോജിക്കില്ലെന്ന് ആവർത്തിക്കുമ്പോൾ ആണ് ഇതിനെ അനുകൂലിക്കുന്ന എംഎൽഎമാരെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടുമായി പാർട്ടി രംഗത്തെത്തിയത്. സിപിഎം ഇരയ്ക്കൊപ്പം ആണെന്ന് പറയുമ്പോഴും എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.