ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കും. പിന്നാലെ 2398 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്തും. 10 മിനിട്ട് നേരമായിരിക്കും ഷട്ടറുകള്‍ ഉയര്‍ത്തുക.
കാലവര്‍ഷം ഇനിയും ബാക്കി കിടക്കുന്നു. തുലാവര്‍ഷം വരാനിരിക്കുന്നു. ഇതിന് മുമ്പ് അങ്ങനെയുള്ള ഘട്ടങ്ങളിലാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം. തുലാവര്‍ഷത്തിന്റെ സമയത്ത് അണക്കെട്ട് തുറന്നിടേണ്ടി വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധാരണ ലഭിക്കും. മുന്‍പ് 2401 അടിയിലാണ് ഡാം തുറന്നിട്ടുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ അത്രയും കാത്തിരിക്കില്ല. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ട് ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് കെഎസ്ഇബിയും സ്വീകരിച്ചത്. അണക്കെട്ട് ഉയര്‍ത്തി വെള്ളം പാഴാക്കുന്നത് വഴി കെഎസ്ഇബിക്ക് വന്‍ നഷ്ടമാണുണ്ടാകുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.