കോട്ടയം: കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള സന്ദര്‍ശിക്കുന്നു. സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ശ്രീധരന്‍പിള്ളയുടെ ആദ്യ പരിപാടിയാണ് പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം. വിവിധ എന്‍ഡിഎ ഘടകകക്ഷി നേതാക്കളും സംഘത്തിനൊപ്പമുണ്ട്.
കിടങ്ങറയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗമാണ് യാത്ര ആരംഭിച്ചത്. പ്രളയദുരിതം ഇനിയും വിട്ടുമാറാത്ത പുതുവല്‍ കോളനിയിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. കോളനി നിവാസികള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ സംഘത്തെ അറിയിച്ചു. മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ ആരുംതന്നെ ഇവിടേക്ക് എത്താത്ത് ദൗര്‍ഭാഗ്യകരമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍ പുതുവല്‍ കോളനിയെ കൊണ്ടുവരുമെന്നും അദ്ദേഹം പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്കി.
തുടര്‍ന്ന് സംഘം മുട്ടാര്‍, പുളിങ്കുന്ന്, കാവാലം, വെളിയനാട്, കൈനകരി എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാനായി യാത്ര തിരിച്ചു.