Kerala

എലിപ്പനിയെ പ്രതിരോധിക്കാൻ എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ: മഴക്കെടുതിയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരും ഏതെങ്കിലും രീതിയില്‍ മലിനജലവുമായി ബന്ധപ്പെടുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പിആര്‍ഡി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലും എലിപ്പനി പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്. പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ ആശുപത്രികളില്‍ അടിയന്തര ചികില്‍സ തേടണം. സാധാരണ പനിയെന്ന നിഗമനത്തില്‍ സ്വയം ചികില്‍സിക്കുന്ന സ്ഥിതി ഒരിക്കലമുണ്ടാവരുത്. എലിപ്പനി സാധ്യതയുള്ള കേസുകളില്‍ സാധാരണ പനിക്കുള്ള മരുന്ന് നല്‍കി രോഗികളെ പറഞ്ഞയക്കാതിരിക്കാന്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും ഇക്കാര്യം ഗൗരവമായെടുക്കണം. എലിപ്പനി പ്രതിരോധ ഗുളികകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണം. തുടക്കത്തില്‍ തന്നെ പ്രതിരോധ മരുന്ന് കഴിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം മരണം വരെ സംഭവിക്കാമെന്നതിനാലാണ് ചികില്‍സയുടെ കാര്യം ഗൗരവത്തിലെടുക്കണമെന്ന് പറയുന്നത്. എലിപ്പനി പ്രതിരോധ മരുന്ന് ആശുപത്രികളില്‍ നിന്ന് യഥേഷ്ടം ലഭിക്കുമെങ്കിലും അവ വാങ്ങിക്കഴിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ തലേന്നാള്‍ തന്നെ ഗുളിക കഴിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധ സംശയിക്കുന്നവരും ഗുളിക കഴിക്കണം.

മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും പടരുന്ന രോഗമായതിനാല്‍ മലിനജലം വഴി ഇവ വരാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് എനിപ്പനി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലുള്‍പ്പെടെ എലിപ്പനിയെന്ന് സംശയിക്കുന്ന 24 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതില്‍ തിരുവനന്തപുരത്തു നിന്നുള്ള രണ്ട് മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയില്‍ ഡെങ്കിപ്പനിക്കു കാരണമാവുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ഇല്ലാതായതു കാരണം രോഗം തല്‍ക്കാലം മാറി നിന്നിട്ടുണ്ടെങ്കിലും മഴ നിലച്ചതോടെ അവ തിരിച്ചുവരാനുള്ള സാധ്യത മുന്നില്‍ കാണണമെന്നും മന്ത്രി പറഞ്ഞു. ഇത് തടയാന്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. പരിസര ശുചിത്വം ഉറപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രളയക്കെടുതിയെ തുടര്‍ന്ന് മന്ദഗതിയിലായ ആരോഗ്യ ജാഗ്രതാ കാംപയിന്‍ ശക്തിപ്പെടുത്തണം. 20 വീടുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ആരോഗ്യസേനയുടെ പ്രവര്‍ത്തനം എല്ലായിടത്തും ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയേറെയുള്ള നിലവിലെ സാഹചര്യത്തില്‍ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും കൈക്കൊള്ളണം. കനത്ത മഴയെ തുടര്‍ന്ന് സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള വെള്ളം കിണറുകളിലെത്താനുള്ള സാധ്യതയേറെയാണ്. അതിനാല്‍ മുന്‍ കാലങ്ങളിലെ പോലെ പച്ചവെള്ളം കുടിക്കുന്നത് സുരക്ഷിതമായിരിക്കില്ല. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ച വെള്ളം പച്ചവെള്ളമൊഴിച്ച് ആറ്റിക്കുടിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംശയമുള്ള സ്ഥലങ്ങളില്‍ വെള്ളം പരിശോധിക്കണം. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

290 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close