ന്യൂഡൽഹി ; ഇന്ത്യൻ കര,നാവിക,വ്യോമസേനകൾ യുഎസ് സേനയ്‌ക്കൊപ്പം 2019 ൽ സംയുക്ത സൈനികാഭ്യാസം നടത്തും. ആദ്യമായാണ് ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളും സംയുക്തമായി സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ചയിലാണ് ഇക്കാര്യം തീരുമാനിക്കപ്പെട്ടത്.കോംകോസ കരാർ ഒപ്പിട്ട ശേഷം പ്രതിരോധമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കിഴക്കൻ തീരമേഖലകളിലായിരിക്കും അഭ്യാസ പ്രകടനങ്ങൾ നടക്കുക.ഇരു രാജ്യങ്ങളും തമ്മിൽ കോംകാസ എന്നറിയപ്പെടുന്ന കമ്യൂണിക്കേഷൻ കോമ്പാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രീമെന്റ് അഥവാ സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാറിൽ ഒപ്പിട്ടതോടെ അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങളും സാങ്കേതികവിദ്യയും സ്വന്തമാക്കാൻ ഇന്ത്യക്ക് ഉടമ്പടിയിലൂടെ കഴിയും.
ആണവ വിതരണ ഗ്രൂപ്പിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് അമേരിക്ക പിന്തുണ നൽകും. ഭീകരവാദത്തിനെതിരെ ഒരുമിച്ചു പോരാടാനും തീരുമാനമായതായി കൂടിക്കാഴ്‍ചയ്‍ക്ക് ശേഷം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും വ്യക്തമാക്കി.
ഇന്ത്യ- യുഎസ് ബന്ധത്തില്‍ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്.















