ചാലക്കുടി ; ദേശീയപാതയിൽ വൻ സ്വർണക്കവർച്ച . സ്വർണവുമായി സഞ്ചരിച്ചിരുന്ന കാർ ആക്രമിച്ച് ഒരു കിലോയോളം സ്വർണം കവർന്നു.
നെടുമ്പാശ്ശേരിയിൽ നിന്ന് കൊടു വള്ളിയിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന സ്വർണമാണ് നാടകീയമായി കവർന്നത് . ചാലക്കുടി പോട്ട ദേശീയപാതയിൽ രാവിലെ ആറരയോടെയായിരുന്നു സംഭവം. സ്വർണമുണ്ടായിരുന്ന കാർ പിന്തുടർന്നെത്തിയ സംഘം കാറിനു പിന്നിലിടിച്ച് അപകടപ്പെടുത്തുകയായിരുന്നു.
ഇന്നോവയിലെത്തിയ അഞ്ചംഗസംഘം കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയൂം സ്വർണം കവരുകയും ചെയ്തു . കാർ പിന്നീട് ദേശീയപാതയിൽ നിന്ന് 500 മീറ്റർ മാറി ഉൾപ്രദേശത്ത് ഉപേക്ഷിച്ച് സംഘം രക്ഷപെട്ടു . കാറിലുണ്ടായിരുന്ന ഒരു കിലോ സ്വർണം കവർന്നെടുത്തതായി കൊടുവള്ളി സ്വദേശികൾ പോലീസിൽ പരാതി നൽകി .
സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട് . നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സ്വർണക്കടത്ത് സംഘങ്ങൾ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത് . വിരലടയാള വിദഗ്ധർ കാറിൽ പരിശോധന നടത്തി . ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത് .