പത്തനംതിട്ട: ശബരിമലയിലും അനുബന്ധ സ്ഥലങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയും നിരോധനാജ്ഞ തുടരും. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഉത്തരവിട്ടത്.നിരോധനാജ്ഞയ്ക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് നടപടി.
സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നതുമുതൽ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു. ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പോലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.
നിരോധനാജ്ഞ നിലവിലുള്ളതിനാൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ശരണം വിളിച്ചുവെന്ന കാരണത്താൽ പോലീസ് പലവട്ടം അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിരുന്നു.