സത്യമപ്രിയം

പത്രപ്രവര്‍ത്തക യൂണിയന്‍ ആരുടെ അടിമ?

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ഏക സംഘടനയാണ് കെ യു ഡബ്ല്യു ജെ എന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍. എല്ലാ രാഷ്ട്രീയകക്ഷികളോടും അനുഭാവം പുലര്‍ത്തുന്ന അഥവാ വിശ്വാസം ഉള്ളില്‍ സൂക്ഷിക്കുന്ന ഇടതുപക്ഷത്തും വലതുപക്ഷത്തും ഒക്കെയായി നില്‍ക്കുന്ന എല്ലാ പത്രപ്രവര്‍ത്തകരുടെയും പൊതു ഇടമാണ് ഈ യൂണിയന്‍. അഹമ്മദീയ മുസ്ലീങ്ങള്‍ മുതല്‍ എല്ലാ വിഭാഗം ജാതിമതസ്ഥരും ഈ യൂണിയന്റെ ഭാഗമാണ്. അവകാശസമരങ്ങള്‍ക്കു വേണ്ടി സ്വന്തം തൊഴില്‍ ത്യജിക്കേണ്ടി വന്നവരും മറ്റുള്ളവര്‍ക്ക് വേണ്ടി പലതും തലയില്‍ പേറേണ്ടി വന്നവരും ഈ യൂണിയന്റെ ഭാഗമാണ്. പക്ഷേ, അടുത്തിടെ യൂണിയന്റെ പൊതുസ്വഭാവത്തിന് മാറ്റം വന്നിരിക്കുന്നു. എല്ലാ ആശയധാരകളെയും സമന്വയിപ്പിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ട് പോകേണ്ട യൂണിയന് അഥവാ യൂണിയന്‍ നേതൃത്വത്തിന് ഒരു ഇടതുപക്ഷ മതിഭ്രമം വന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചിലരുടെ ഇംഗിതത്തിന് അനുസരിച്ച് നട്ടെല്ല് വളയ്ക്കുന്ന അസ്തിത്വവും അന്തസ്സുമില്ലാത്ത കൂട്ടായ്മയായി യൂണിയന്‍ മാറിയെന്ന കെ. സുരേന്ദ്രനും പി.എസ്. ശ്രീധരന്‍ പിള്ളയും അടക്കമുള്ള നേതാക്കളുടെ പ്രസ്താവന തള്ളിക്കളയാനാകുന്നതല്ല.

നേതാക്കള്‍ക്ക് ഇടതുപക്ഷ ആഭിമുഖ്യം ഉണ്ടാകുന്നത് തെറ്റല്ല. ഏതു യൂണിയന്റെ ഏത് തീരുമാനം അനുസരിച്ചാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി അഭിവാദനം അര്‍പ്പിക്കാന്‍ പോയത്. ദേശീയ പണിമുടക്കിനെ എതിര്‍ത്ത, അല്ലെങ്കില്‍ വിട്ടുനിന്ന ബി എം എസ് നിലപാടിനോട് ആഭിമുഖ്യമുള്ള, അല്ലെങ്കില്‍ അനുഭാവമുള്ള പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അവരുടെ പ്രകടനത്തില്‍ പങ്കെടുത്താല്‍ എന്തായിരിക്കും പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട്? ആ നിലപാടറിയാന്‍ ആഗ്രഹമുണ്ട്. പത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയം കളിക്കണോ? രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളിലെയോ ചാനലുകളിലെയോ പത്രപ്രവര്‍ത്തകരെ പോലും വെല്ലുന്ന പ്രകടനമാണ് ഒരുവിഭാഗം നിഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

കഴിഞ്ഞ ആഴ്ച ശബരിമല ആചാരലംഘനത്തിന്റെ പേരില്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തമസ്‌ക്കരിക്കാന്‍ നിര്‍ദ്ദേശം വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന കാര്യം തലസ്ഥാനത്തെ അരിയാഹാരം കഴിക്കുന്ന എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും അറിയാം. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ പത്രപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതും ആദ്യമായാണോ? മാതൃഭൂമിയുടെ ഫോട്ടോ എഡിറ്ററായിരുന്ന രാജന്‍ പൊതുവാളിന്റെ ബൈക്ക് കത്തിച്ച എസ് എഫ് ഐ നേതാവ് പിന്നീട് തലസ്ഥാനത്തെ പ്രമുഖനായ പത്രപ്രവര്‍ത്തകനായത് ചരിത്രം.

പത്രപ്രവര്‍ത്തകര്‍ പലതവണ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. മാതൃഭൂമിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജി ശേഖരന്‍ നായരോട് നീ എന്ത് നായരാണെന്ന് ചോദിക്കുന്ന ഇ കെ നായനാരെ ആരും ശത്രുവായി കണ്ടിട്ടില്ല. കൂടുതല്‍ ടെലിവിഷനുകളില്ലാത്ത അക്കാലത്ത് പത്രപ്രവര്‍ത്തകര്‍ക്ക് വെക്കുന്ന ലഡ്ഡു കഴിക്കുന്ന പ്രമേഹരോഗിയായ നായനാരെ ശാരദടീച്ചറോട് പറയും എന്നുപറഞ്ഞ് വിരട്ടുന്ന എല്ലാ പാര്‍ട്ടിക്കാരുമായ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമായിരുന്നു. ജന്മഭൂമി ലേഖകനായ എസ് അനിലിനോട് പത്രമേതാണ് എന്ന് ചോദിച്ചിട്ട് ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലായി എന്നുപറയുന്ന വി എസ് അച്യുതാനന്ദനെതിരെ നിലപാടെടുക്കുന്ന വ്യത്യസ്ത രാഷ്ട്രീയക്കാരായ പത്രപ്രവര്‍ത്തകര്‍ അന്നുണ്ടായിരുന്നു.

ദേശാഭിമാനിയുടെ ചീഫ് ഫോട്ടോഗ്രാഫറായ രാജേന്ദ്രനെതിരെ മോശമായ പരാമര്‍ശം നടത്തിയ കെ കരുണാകരനെതിരെ ഒറ്റക്കെട്ടായി നിലപാടെടുത്തതും രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു. കരുണാകരനോട് ഉറ്റസൗഹൃദം ഉണ്ടായിട്ടും അതിനപ്പുറത്താണ് പത്രപ്രവര്‍ത്തക കൂട്ടായ്മയെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നു. സി പി എം പ്രതിഷേധങ്ങളില്‍ പലതവണ കല്ലേറ് വാങ്ങിയ ജി ബിനുലാല്‍ മാതൃഭൂമിക്കാലത്ത് എന്നും എന്റെ ഒപ്പമുണ്ടായിരുന്നു. അന്ന് കല്ലേറില്‍ പ്രതിഷേധിച്ച് ക്യാമറ പൊട്ടിയെന്ന് പറഞ്ഞ് പത്രസമ്മേളനങ്ങള്‍ ബഹിഷ്‌ക്കരിക്കുകയോ ഒരുവിഭാഗം നേതാക്കളെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല. ആരും എ കെ ജി സെന്ററിന്റെ മുന്നില്‍ അല്ലെങ്കില്‍ ഇന്ദിരാഭവന് മുന്നില്‍ ധര്‍ണ്ണ നടത്താന്‍ പോയിട്ടുമില്ല. തൊഴില്‍പരമായ ഒരു അപകടം അഥവാ ദുരന്തം എന്ന നിലയില്‍ മാത്രമാണ് ഇതിനെയൊക്കെ കണ്ടത്.

പത്രപ്രവര്‍ത്തനത്തിനപ്പുറത്തേക്ക് രാഷ്ട്രീയത്തിന്റെ തിമിരമോ വര്‍ണ്ണാന്ധതയോ കടന്നുവരുമ്പോഴാണ് എതിര്‍പക്ഷ രാഷ്ട്രീയത്തെ തമസ്‌ക്കരിക്കാനുള്ള ത്വര ഉണ്ടാകുന്നത്. എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെ നടത്തിയ അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. ഉത്തരവാദിത്തപ്പെട്ടവരോട് ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്ന് പറയുകയും ചെയ്തു. നേതാക്കള്‍ അറിഞ്ഞിട്ടോ അനുവദിച്ചിട്ടോ അല്ല, ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാം. കൊച്ചി മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ഇടതുപക്ഷ ബന്ദില്‍ ഉണ്ടായ സംഭവം മറക്കാനാകില്ല. ദേശാഭിമാനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന പത്മനാഭന്റെ സ്‌കൂട്ടറിന്റെ കാറ്റ് സി പി എം പ്രവര്‍ത്തകര്‍ തന്നെ അഴിച്ചുവിട്ടു. ദേശാഭിമാനിയിലാണെന്ന് നിലവിളിച്ച് പറഞ്ഞിട്ടും ആരും കേട്ടില്ല.

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പ്രസ്ഥാനത്തെ ബഹിഷ്‌ക്കരിച്ച് അതിന്റെ വാര്‍ത്തകള്‍ തമസ്‌ക്കരിക്കാനുള്ള ശ്രമം ഹീനമായ രാഷ്ട്രീയ അജണ്ടയാണെന്ന് ആരെങ്കിലും കരുതിയാല്‍ അതിനെ നിരാകരിക്കാനാകുമോ? മാത്രമല്ല, ഇത്തരം അക്രമസംഭവങ്ങളില്‍ എല്ലാ അംഗങ്ങളോടും തുല്യതയോടെ പെരുമാറാനുള്ള ബാധ്യത യൂണിയനും യൂണിയന്റെ നേതൃത്വത്തിനുമുണ്ട്. സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ആക്രമിക്കപ്പെട്ടു എന്ന് കേട്ടപ്പോള്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനെത്തിയ ജനം ടി വി ലേഖകന്‍ വി. വിനീഷിനെ പൂജപ്പുര എസ് ഐ തള്ളുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. യൂണിയന്‍ നേതൃത്വത്തെയും പ്രസ് ക്ലബ്ബ് ഭാരവാഹികളെയും ഒക്കെ അറിയിച്ചെങ്കിലും ആരും അന്വേഷിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല.

പമ്പയില്‍ പൊന്‍രാധാകൃഷ്ണനെ തടഞ്ഞതിനിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജനം ടി വി റിപ്പോര്‍ട്ടര്‍ അരുണ്‍ കൊടുങ്ങൂരിനെ നിഷ്ഠൂരമായി മര്‍ദ്ദിച്ച് ദിവസങ്ങളോളം ആയുര്‍വേദ ചികിത്സയിലായിരുന്നു. ഒരു നേതാവും അന്വേഷിച്ചില്ല. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ചെറുവിരലനക്കാന്‍ യൂണിയന്‍ ഉണ്ടായിരുന്നില്ല. പ്രമുഖ അഭിഭാഷകനായ കെ. രാംകുമാര്‍ വഴി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കില്ലെന്ന് രേഖാമൂലം ഉറപ്പു വാങ്ങിയത് പത്രപ്രവര്‍ത്തകരുടെ ചരിത്രത്തിലെ ഒരു പൊന്‍തൂവല്‍ തന്നെയായിരുന്നു. ഹര്‍ജിക്കാരനായ ജി.കെ. സുരേഷ് ബാബുവിനെ ഒരു യൂണിയന്‍ നേതാവും ഇന്നുവരെ വിളിച്ച് ഇതെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.

ആര്‍ക്കുവേണ്ടിയാണ് ഈ യൂണിയന്‍? സംസ്ഥാനത്ത് എന്നല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ പോലും ഒരു മുഖ്യമന്ത്രിയും പത്രപ്രവര്‍ത്തകരെ കടക്കൂ പുറത്ത് എന്നുപറഞ്ഞ് അപമാനിച്ച് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് മാപ്പു പറഞ്ഞ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ തമസ്‌ക്കരിക്കാന്‍ കാട്ടിയ അത്യുത്സാഹത്തിന്റെ ഒരു ഭാഗമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു ദിവസത്തേക്കെങ്കിലും മുഖ്യമന്ത്രിയെ ബഹിഷ്‌ക്കരിക്കാനുള്ള ആര്‍ജ്ജവം യൂണിയന്‍ കാട്ടണമായിരുന്നു. ഏറ്റവും കുറഞ്ഞത് യൂണിയന്‍ നിഷ്പക്ഷമാണെന്ന് ബോധ്യപ്പെടുത്താനെങ്കിലും അതുപകരിക്കുമായിരുന്നു.

കേരളത്തില്‍ മാത്രമേ പത്രപ്രവര്‍ത്തക യൂണിയനില്‍ ഇടതുപക്ഷ അംഗങ്ങള്‍ കൂടുതലുള്ളൂ എന്ന കാര്യം നേതാക്കന്മാര്‍ മറക്കരുത്. ഇടതുപക്ഷ നേതാക്കള്‍ക്ക് ഇഷ്ടമല്ലാത്ത ആശയങ്ങളുടെ ഒരു സമാന്തര പ്രസ്ഥാനം ഉടലെടുത്താല്‍ അതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെ നേതാക്കള്‍ക്ക് മാത്രമായിരിക്കും. യൂണിയന്റെ നേതാക്കള്‍ പൂര്‍ണ്ണമായും നിഷ്പക്ഷരാകാന്‍ പറയുന്നില്ല. പക്ഷേ, വിവേചന ബുദ്ധിയും വിവേകവും കാണിക്കാനുള്ള ഔചിത്യം ഉണ്ടാകണം. യൂണിയന്‍ എല്ലാവരുടേതുമാണ്. നാളെ ഇടതുപക്ഷക്കാര്‍ ന്യൂനപക്ഷമായാലും എസ് ഡി പി ഐക്കാര്‍ ഭൂരിപക്ഷമായാലും എല്ലാവരെയും സമഭാവനയോടെ കാണുന്ന ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെയോ മതസ്ഥാപനത്തിന്റെയോ വാലാട്ടികളായി മാറുന്ന സംവിധാനമായി യൂണിയന്‍ അധഃപതിക്കരുത്. ഇനിയും വൈകിയിട്ടില്ല. യൂണിയന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാട് വീണ്ടെടുക്കണം.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close