തിരുവനന്തപുരം: ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പി ജെ ജോസഫിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരള കോണ്‍ഗ്രസി(എം)നുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ കോണ്‍ഗ്രസ് സീറ്റ് വിട്ട് നല്‍കുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടുക്കിയിലും വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയാണ് ലക്ഷ്യം. അത് കൊണ്ട് തന്നെ ഇനി ഘടക കക്ഷികള്‍ക്കോ, സ്വതന്ത്രനോ ഇപ്പോഴുള്ള ഒരു സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇനി ഒരു സീറ്റും ഘടക കക്ഷികള്‍ക്ക് വിട്ട് നല്‍കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയും നേതാക്കളെ അറിയിച്ചിട്ടുണ്ട്. വടകരയില്‍ കെ.കെ.രമയെ സ്വതന്ത്രയായി മത്സരിപ്പിക്കണമെന്ന ലീഗിന്റെ ആവശ്യവും ഇനി പരിഗണിച്ചേക്കില്ല. നേരത്തെ കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ട് നല്‍കിയതിലും ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും മത്സരിക്കണോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം കേന്ദ്രനേതൃത്വം തീരുമാനമെടുത്തേക്കും. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ സ്ക്രീനിംഗ് കമ്മിറ്റി നടക്കുന്നുണ്ട്. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്തമായ ചിത്രം വരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.