ഇനി ആഘോഷവേളകളില്‍ ജുവലറികളില്‍ നേരിട്ട് പോയി സ്വര്‍ണം വാങ്ങേണ്ടതില്ല. കുറഞ്ഞ വിലയില്‍ ഡിജിറ്റലായി സ്വര്‍ണം വാങ്ങാന്‍ അവസരങ്ങളൊരുങ്ങുന്നു. മൊബൈല്‍ പേമെന്റ് ആപ്പുകള്‍ വഴിയാണ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്നത്. പേറ്റിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ മൊബൈല്‍ പേമെന്റ് ആപ്പുകള്‍ ഇതിനായുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു. നിരവധി പേരാണ് അക്ഷയ ത്രിതീയ, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത്. ഇനി മുതല്‍ ഈ സൗകര്യം മൊബൈല്‍ ആപ്പുകളിലൂടെ തന്നെ സാധിക്കും. എംഎംടിസി-പിഎഎംപി എന്ന സ്ഥാപനം ഇന്ത്യയുമായി ചേര്‍ന്ന് സഹകരിച്ചാണ് ഈ സൗകര്യമൊരുക്കുന്നത്.
ഈ വര്‍ഷം മെയ് 7നാണ് അക്ഷയ തൃതീയ. ഈ ദിവസം ആഭരണങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള സംവിധാനവും കമ്പനികള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. മൊബൈല്‍ പേമെന്റ് ആപ്പുകള്‍ വഴി സ്വര്‍ണം വാങ്ങുന്നത് ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണ്.
സ്വര്‍ണം വാങ്ങി കൈവശം സൂക്ഷിക്കുമ്പോഴുള്ള പ്രധാന ബുദ്ധിമുട്ട് അവ എങ്ങനെ സൂക്ഷിക്കുമെന്നതാണ്. സുരക്ഷക്കായി ലോക്കറില്‍ സൂക്ഷിക്കുമ്പോള്‍ അമിത ലോക്കര്‍ ചാര്‍ജ് നല്‍കേണ്ടി വരുന്നു. എന്നാല്‍ ഡിജിറ്റലായി വാങ്ങുമ്പോള്‍ സ്വര്‍ണം എംഎംടിസിയുടെ ലോക്കറില്‍ 5 വര്‍ഷത്തേക്ക് സൂക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങിയാലും, അതിലൂടെ തന്നെ മറിച്ചു വില്‍ക്കാനും സാധിക്കും. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ 50000 രൂപയ്ക്ക് മുകളിലെ ഇടപാടാണെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ കൊടുക്കണം.