തിരുവനന്തപുരം : കണ്സഷന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയെ പെരുമഴയത്ത് നടുറോഡില്‍ ഇറക്കി വിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ . വെഞ്ഞാറമൂട് ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യര്ത്ഥിനിയെയാണ് പെരുമഴയത്ത് റോഡില്‍ ഇറക്കി വിട്ടത്.
കായികതാരമായ വിദ്യാര്‍ത്ഥിനി സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠനവും കായികപരിശീലനവും നടത്തുന്നത്. സ്ക്കൂളില്‍ നിന്ന് താമസസ്ഥലത്തേക്ക് വരാനാണ് പെണ്‍കുട്ടി വെഞ്ഞാറമ്മൂട് – ആറ്റിങ്ങല്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ കയറിയത്.
കണ്സഷന് ടിക്കറ്റ് ചോദിച്ച വിദ്യര്‍ത്ഥിനിയോട് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡ് കാട്ടണമെന്നും കാര്‍ഡില്ലെങ്കില്‍ കണ്സഷന് അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് കഴിഞ്ഞ ദിവസമാണ് സ്ക്കൂളില്‍ പ്രവേശനം ലഭിച്ചതെന്നും , അതിനാല്‍ ഐഡി കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി മറുപടി നല്കി . മാത്രമല്ല കൈയ്യില്‍ മൂന്ന് രൂപ മാത്രമാണ് ഉള്ളതെന്നും , ഇറക്കി വിടരുതെന്നും അപേക്ഷിച്ചെങ്കിലും കണ്ടക്ടര്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ കൈയ്യിലെ മൂന്ന് രൂപയും വാങ്ങിയ ശേഷം കുട്ടിയെ ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു . പെരുമഴ പോലും കണക്കാക്കാതെയായിരുന്നു ബസ് ജീവനക്കാരുടെ പ്രവര്‍ത്തി .
പുതിയ സ്ക്കൂള് ആയതിനാല്‍ വഴിയും സ്ഥലവുമൊന്നും പരിചിതമല്ലാത്ത വിദ്യാര്‍ത്ഥിനി വഴിയരികില്‍ വിഷമിച്ച് നില്ക്കുന്നതു കണ്ട നാട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ എത്തി വിദ്യാര്‍ത്ഥിനി പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.