Movie Reviews

ആ മൃതദേഹം എവിടെ?

സുബീഷ് തെക്കൂട്ട്

ഗോവയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടയിൽ പ്രധാന പാതയിൽ നിന്നും അൽപം മാത്രം മാറിയൊരിടത്ത്, പാലത്തിൽ നിന്ന് ഒരാളെ താഴേക്ക് തള്ളിയിട്ടാൽ, ആ വീഴ്ചയിൽ അയാൾ മരിച്ചാൽ, ആ വിവരം ആരും അറിയാതെ പോകുമോ? ആ മൃതദേഹം മാസങ്ങൾ കഴിഞ്ഞിട്ടും ആരും കാണാതെ പോകുമോ? ഒരു അജ്ഞാത മൃതദേഹം ആരാലും കണ്ടെത്താതെ, ഒരു പോലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്യപ്പെടാതെ അത്രയും കാലം ഒളിവിൽ കഴിയുമോ? അതും മരിച്ചയാൾ അറിയപ്പെടുന്ന സംഗീതജ്ഞനെങ്കിൽ? അയാളെ കാണാനില്ല എന്ന പരാതി കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഭാര്യ നൽകുക കൂടി ചെയ്ത സാഹചര്യത്തിൽ? ഏറ്റവും ഒടുവിൽ ഒരു പൊതുവേദിയിൽ അയാളുടെ മകൻ അക്കാര്യം തുറന്ന് പറയും വരേക്ക് ആ വിവരം അതീവ രഹസ്യമായി മൂടിവെക്കാനാകുമോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങളോടുള്ള അടുത്ത ചോദ്യം, സുഹൃത്തെ, നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്? മാറിയ ലോകത്തല്ല എങ്കിൽ, നിങ്ങൾക്ക് വേണ്ടിയാണ് ആ ചിത്രം, നിങ്ങൾക്കിഷ്ടപ്പെടും ആ ചിത്രം, ഏതെന്നോ, എവിടെ?

കാണാതെ പോകുന്ന ഭർത്താവ്. തന്നെ തേടിയെത്തുന്ന ഭർത്താവിന്റെ പേരിലുള്ള കത്തുകൾ അയാൾ അയക്കുന്നതല്ലെന്നും അതിന് പിന്നിൽ മകനാണെന്നും മനസ്സിലാക്കുന്നതോടെ
പോലീസിനെ ഒഴിവാക്കി സമാന്തര അന്വേഷണത്തിന് പുറപ്പെടുന്ന ഭാര്യ. മയക്കുമരുന്നിന് അടിമയായ മകൻ. ഭർത്താവ് എവിടെ എന്ന ചോദ്യത്തിന്റെ ഉത്തരം നാടകീയമായി കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട് ചിത്രത്തിലുടനീളം കാണാനാകുന്നത്. എന്നാൽ, മകന്റെ കോളേജ് ഹോസ്റ്റൽ എത്തുമ്പോഴേക്കും കഥയും ക്ളൈമാക്സും താനേ ചുരുളഴിയും.

ഭർത്താവ് സഖറിയ, ഭാര്യ ജെസി, മകൻ തൊമ്മി. സഖറിയയും മകനും ഒന്നിച്ചുള്ള യാത്രയുടെ ദൃശ്യങ്ങൾ മംഗലാപുരം ഹൈവെയിലെ ടോൾ ബൂത്തുകളിൽ സ്ഥാപിച്ച സിസി ടിവി ക്യാമറകളിൽ നിന്ന് എത്ര എളുപ്പത്തിലാണ് ടാക്സി ഡ്രൈവറുടെ സഹായത്താൽ ജെസി കണ്ടെടുക്കുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ ഓരോ മണിക്കൂറിലും കടന്നു പോകുന്ന ഹൈവെയിൽ നിന്നാണ് മിനുട്ടുകൾക്കുള്ളിൽ ഇവ ഒപ്പിച്ചെടുക്കുന്നത്. പണ്ട് പെണ്ണ് കാണാൻ വന്ന, ജെസിയുമായി അത്ര സുഖത്തിലല്ലാത്ത ആളാണ് കട്ടപ്പന എസ് ഐ എങ്കിലും പോലീസിനെ വെട്ടിച്ചുള്ള ഈ അന്വേഷണം അൽപം അതിശയോക്തി കലർന്നത് തന്നെ.

കുടുംബ കഥയാണോ, സസ്പെൻസ് ത്രില്ലറാണോ എന്നൊക്കെ ചോദിച്ചാൽ കുഴങ്ങിപ്പോകും. സംഗതി മികച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ചിത്രമാണ്. ആ നിലയിലേ കാണാനാകൂ. കുട്ടികളേയും കുടുംബങ്ങളേയും കാണാൻ പ്രോത്സാഹിപ്പിക്കാം, സ്ക്കൂളുകളിൽ പ്രദർശിപ്പിക്കാം. മയക്ക് മരുന്ന് ഉപയോഗത്തിൽ നിന്ന് കുട്ടികളെ അകറ്റാൻ ഉതകുന്ന ചിത്രം. അതാണ് കെ കെ രാജീവ് സംവിധാനം ചെയ്ത എവിടെ. തരക്കേടില്ലാത്ത പ്രമേയത്തെ ഈ നിലയിലാക്കിയത് മോശം തിരക്കഥയാണ്. കഥ ബോബി സഞ്ജയ് ടീമിന്റേതെങ്കിലും തിരക്കഥയെഴുതി ആകെ കുളമാക്കിയത് സി കൃഷ്ണൻ.

സീരിയൽ മൂഡ് വിടാത്ത കെ കെ രാജീവാകട്ടെ, സംവിധാനത്തിലൂടെ ആ പിഴവുകൾ പരിഹരിച്ചതുമില്ല. ആശാ ശരതും പ്രേംപ്രകാശും മനോജ് കെ ജയനും അടക്കമുള്ള താരനിരയുടെ പ്രകടനവും ശരാശരി. എന്തിനെന്നറിയാതെ വന്നു പോകുന്ന ഗാനരംഗങ്ങൾ കൊണ്ട് പ്രത്യേക മെച്ചമൊന്നും ഇല്ല.

സ്നേഹബന്ധങ്ങളുടെ ആർദ്രത എന്നൊക്കെയുള്ള ക്ളീഷെ വാചകങ്ങളാൽ ആവശ്യമെങ്കിൽ താലോലിക്കാൻ, പുതുമകൾ ഒന്നുമില്ലാത്ത ഒരു ചിത്രം, അതാണ് എവിടെ? എങ്കിലും ആ ചോദ്യം ബാക്കിയാകുന്നു, സഖറിയയുടെ മൃതദേഹം എവിടെ?

സുബീഷ് തെക്കൂട്ട്

ചീഫ് സബ് എഡിറ്റർ, ജനം ടിവി

121 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close