Movie Reviews

കാണാൻ, കയറാൻ കൊള്ളാം പതിനെട്ടാംപടി

സുബീഷ് തെക്കൂട്ട്

കുടിപ്പക, അടി, ഇടി, മഴ, ഇതിനൊപ്പം മമ്മൂക്ക അല്ലെങ്കിൽ ലാലേട്ടൻ. മലയാള സിനിമയിലെ എക്കാലത്തെയും വിജയ ഫോർമുല. ഉറുമിയുടെ തിരക്കഥാകൃത്തിന് ഇത് നന്നായറിയാം, ഒപ്പം ഒതുക്കവും വേണ്ടപ്പോൾ മൂർച്ചയുമുള്ള ഭാഷയും. ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാംപടി പരുക്കില്ലാത്ത വിജയപ്പടിയാകുന്നത് അതുകൊണ്ട്.

തലസ്ഥാനത്തെ സർക്കാർ മോഡൽ സ്ക്കൂളും സമ്പന്നരുടെ മക്കൾ പഠിക്കുന്ന ഇന്റർനാഷണൽ സ്ക്കൂളും തമ്മിൽ വർഷങ്ങളായി തുടരുന്ന കുടിപ്പക. അധോലോക ഗ്യാങ് വാറുകളെ ഓർമ്മിപ്പിക്കുന്ന ഏറ്റുമുട്ടലുകൾക്ക് പതിവ് വേദിയാകുന്ന കളിക്കളവും ഡബിൾ ഡക്കർ ബസും. ദ്രുതസംഗീതവും സംഘട്ടനവും ഒക്കെയായി അതിവേഗത്തിൽ പോകും ആദ്യപകുതി. നല്ല പാഠം പകർന്ന് മമ്മൂക്കയുടെ മാസ് എൻട്രി രണ്ടാംപകുതിയിൽ. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിലുള്ള അടിയും മൊത്തത്തിലുള്ള സ്റ്റൈലും ഗെറ്റപ്പും കൊള്ളാം.

ആദ്യപകുതിയിലെ കുരുത്തംകെട്ട പിള്ളാർ നല്ല കുട്ടികൾ ആകുന്നതും പിന്നീട് ജീവിതത്തിൽ മികച്ച വിജയങ്ങൾ നേടുന്നതും അവരിലൊരാൾ സ്ക്കൂൾ ഓഫ് ജോയ് എന്ന മാതൃകാ വിദ്യാലയത്തിന്റെ സ്ഥാപകനും നാഥനുമായി മാറുന്നതും കഥ. ബോറടിപ്പിക്കാതെ ആ കഥ പറഞ്ഞതിലാണ് ശങ്കറിന്റെ മിടുക്ക്.

മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ പൃഥ്വിരാജും ആര്യയും ഉണ്ണി മുകുന്ദനും അഹാനയും മണിയൻപിള്ള രാജുവും മനോജ് കെ ജയനും സുരാജും ലാലു അലക്സും പ്രിയാമണിയും ഒക്കെയാണ് അറിയുന്ന താരങ്ങൾ. എന്നാൽ അറിയാത്തവരുണ്ട്, അറുപതോളം പുതുമുഖങ്ങൾ, അവരാണ് യഥാർത്ഥ താരങ്ങൾ. അവരുടെ അടിയും ആഘോഷവും കണ്ണീരും പ്രണയവും പാട്ടുമാണ് പതിനെട്ടാംപടി. അയ്യപ്പനായും അശ്വിനായും വന്നവർ കലക്കി, ജോയി എന്ന അദ്ധ്യാപകനായി ചന്തുനാഥും.

പതിനെട്ടാംപടിയെ കാണാൻ കൊള്ളാവുന്ന പടമാക്കി മാറ്റിയ മറ്റു ചിലരുണ്ട്.
ആക്ഷൻ കൊറിയോഗ്രാഫി ടീം, അതിവേഗം അടിക്കും ഇടിക്കുമൊപ്പം ക്യാമറ പായിച്ച സുദീപ് ഇളമൺ, സംയോജിപ്പിച്ച് കളറാക്കിയ ഭുവൻ ശ്രീനിവാസൻ, ഇടിവെട്ട് സംഗീതമൊരുക്കിയ എ ആർ റഹ്മാന്റെ സഹോദരീ പുത്രൻ എ എച്ച് ഖാഷിഫ്. ഇവരെ മാറ്റി നിർത്തിയാൽ ഒരു സാധാരണ ചിത്രവും സാരോപദേശ കഥയുമാണ് പതിനെട്ടാംപടി. ശങ്കർ മിടുക്കനാണ്, തിയേറ്ററിൽ ഇനീഷ്യൽ കളക്ഷൻ ഉറപ്പിക്കാനുള്ള വഴിയൊക്കെ അയാൾക്കറിയാം. അതിനാൽ തന്നെ, പത്തൊമ്പതാമത് പടിയും ചവിട്ടി അയാൾ വീണ്ടും വന്നേക്കാം, കാത്തിരിക്കാം.

സുബീഷ് തെക്കൂട്ട്

ചീഫ് സബ് എഡിറ്റർ, ജനം ടിവി

279 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close