കൊച്ചി: സുഹൃത്തിനെ മയക്കുമരുന്ന് വിഷയത്തില്‍ കൊന്ന് ചെളിയില്‍ താഴ്ത്തിയ സംഭവത്തില്‍ പോലീസ് വിപുലമായ അന്വേഷണസംഘം രൂപീകരിക്കുന്നു. കേസ്സില്‍ വന്‍മയക്കുമരുന്ന് മാഫിയ ബന്ധമാണ് പോലീസ് സംശയിക്കുന്നത്.നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരടക്കമാണ് സംഘത്തിലുണ്ടാവുക.പ്രായപൂര്‍ത്തിയാകാത്തവരും പ്രതികളായുണ്ടെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊലപാതകകുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു. നെട്ടൂരിലെ യുവാവിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢതന്ത്രങ്ങളാണ് കഞ്ചാവ് മാഫിയ പയറ്റുന്നത്.
മരിച്ച അര്ജ്ജുന് മാസങ്ങള്‍ക്ക് മുന്‍പ് ആസുത്രിതമായി അപകടമരണത്തിലൂടെ സുഹൃത്തായ അബിനെ കൊന്നതായി പോലീസ് സംശയിക്കുന്നു.അബിനിന്റെ സഹോദരന് നിബിന് അന്നുമുതല്‍ അര്‍ജ്ജുനനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ലോറിയില്‍; തെരുവുനായയെ കൂട്ടത്തില്‍ കുഴിച്ചിട്ടു.
കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വന്‍ ശ്രൃംഖലയായി മാറിയിരിക്കുകയാണ് ഈ അന്തകവിത്തുകള്‍. കൂട്ടുകാര്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറുന്നതിലെ സംശയങ്ങള്‍ പോലും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊലയിലേയ്ക്ക് നയിക്കുന്നതായി പോലീസ് പറയുന്നു.
നെട്ടൂരിലെ അര്‍ജ്ജുനന്റെ കൊലപാതകം പരമ്പരപോലെയാണ് നീളുന്നത്. വന്‍ പദ്ധതികളാണ് മയക്കുമരുന്ന് സംഘങ്ങള്‍ നടപ്പാക്കിയത്.കൂട്ടുകാരന് ശത്രുവാകുന്നു; നിസ്സാര കാര്യങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുന്നു. കൊന്ന് ചെളിയില്‍ താഴ്ത്തിയശേഷം സംശയംതോന്നാതിരിക്കാന്‍ തെരുവുപട്ടിയെ കൊന്ന് കൂട്ടത്തില്‍ കുഴിച്ചിട്ട രീതി പോലീസ് അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്.
സ്ഥിരം കേസ്സുകളാണ് പനങ്ങാട് പോലീസ് സ്റ്റേ്ഷനില്‍ ഇവര്‍ക്കെതിരെയുള്ളത്. മുഖ്യപ്രതി റോണി ലഹരി വില്‍പ്പനയില്‍ സജീവമാണ്. ശക്തമായ അന്തര്‍സംസ്ഥാന ബന്ധമാണിവര്ക്കെന്നും വേഗതയേറിയ സ്പോര്‍ട്ട്സ് ബൈക്കുകളാണ് ഇവര്‍ പോലീസിനെ വെട്ടിച്ച് പായാന്‍ ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു.