Movie Reviews

നല്ല രസമുള്ള തണ്ണീർമത്തൻ ദിനങ്ങൾ

സുബീഷ് തെക്കൂട്ട്

ഓർക്കാൻ ഒരു പ്ളസ് ടൂ കാലം അഥവാ ഒരു പ്രീഡിഗ്രി കാമ്പസ് ആർക്കാണ് ഇല്ലാത്തത്? പൈപ്പിൻ ചുവട്ടിലെ ചോറ്റുപാത്രം കലമ്പലും പതിവായി പോകുന്ന മാതാ ജെറ്റ് ബസിലെ ഡ്രൈവർ ചേട്ടന്‍റെ കൂളിംഗ് ഗ്ളാസും മരച്ചുവട്ടിലെ പൊട്ടിച്ചിരികളും അവൾ ചിരിച്ചാൽ പൂക്കുന്ന വഴിയോരത്തെ ചെടികളും ആർക്ക് മറക്കാനാകും. ഓരോരുത്തരുടെ ഉള്ളിലുമുണ്ട് ഒരു പ്ളസ് ടൂ പ്രണയം, ഒരു സയൻസ് ലാബ്, വീണുടയുന്ന ടെസ്റ്റ്യൂബ്. പ്ളസ് ടൂ കഥകൾക്ക് ഒട്ടും കുറവുണ്ടായിട്ടില്ല മലയാള സിനിമയിൽ. വിരസവും പറഞ്ഞ് പഴകിയതുമാണ് കൂട്ടത്തിലേറെ. അക്കൂട്ടത്തിലൊന്നും പെടാതെ, പുതുമയുള്ള മറ്റൊന്ന് പുതുരുചിയിൽ പകരുകയാണ് ഗോതുരുത്ത് സെന്‍റ് സെബാസ്റ്റ്യൻസ് സ്ക്കൂളിലെ കുട്ടികൾ. അവരുടെ കഥയിലേക്ക്, ആ തണ്ണീർമത്തൻ ദിനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഗിരീഷ് എ ഡി എന്ന നവാഗത സംവിധായകൻ.

ഗോതുരുത്തിലേക്കുള്ള യാത്രയും പിന്നീടങ്ങോട്ടുള്ള രണ്ടേകാൽ മണിക്കൂർ നേരവും രസകരമാണ്. സ്ക്കൂളിൽ നിന്ന് നോക്കിയാൽ കാണുന്ന കടയിലെ ഐസിട്ട തണ്ണീർമത്തൻ ജ്യൂസ് പോലെ അതേറെ മധുരമുള്ളത്, ആസ്വാദ്യകരവും. ജെയ്സനാണ് താരം. അവന്‍റെ മൂന്ന് സങ്കടങ്ങൾ. കണ്ണിൽ കണ്ടൂടാത്ത രവി മാഷ്, കണ്ണിലും കണ്ണായ കീർത്തി, കരുത്തനായ പ്രതിയോഗി ബെയ്സൽ. ആ മൂന്ന് സങ്കടങ്ങളും പരിഹരിക്കപ്പെടുമ്പോൾ, മരച്ചുവട്ടിൽ ഷോ കാണിച്ചവൻ പൊട്ടിച്ചിരിക്കുമ്പോൾ, പഠിത്തം തീരട്ടെ എന്നിട്ട് ഞങ്ങളൊരു തീരുമാനമെടുക്കും എന്നും മൊഴിഞ്ഞവൻ ചെന്നൈയിൽ നിന്നും വരുന്ന കീർത്തിയെ കാത്തിരിക്കുമ്പോൾ, തിയേറ്റർ നിറയുന്ന കയ്യടിക്കിടെ നമുക്കുമിറങ്ങാം പുറത്തേക്ക്, ചിരിയോടെ, ആനന്ദമോടെ.

കുമ്പളങ്ങി നൈറ്റ്സിലെ നാലാമൻ പയ്യനായാണ് മാത്യുവിനെ നമുക്ക് പരിചയം. കുമ്പളങ്ങിയിലെ പാവത്താൻ വേഷമൊക്കെ കളഞ്ഞ് തണ്ണീർമത്തനിൽ മാത്യൂ ഒന്നാന്തരം പ്ളസ് ടൂക്കാരൻ, ജെയ്സൺ അടിപൊളിയാണ്. കൂടെയാ സുന്ദരിക്കുട്ടിയും, ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായി വന്ന അനശ്വര രാജൻ. ജയ്സന്‍റെ കീർത്തി കൂടുതൽ സുന്ദരിയാകുന്നത് വിനോദയാത്രയിലെ ആ രാത്രിയിലാണ്, ബസിൽ തളർന്നവശനായി പുതച്ച് മൂടി സീറ്റിൽ കിടക്കുകയായിരുന്ന അവന്‍റെ അരികിലേക്ക് അവൾ വരുമ്പോൾ. ഉമ്മ വെക്കാൻ തോന്നുന്നുവെന്ന് നീ പറഞ്ഞപ്പോൾ എനിക്ക് വയറിലാകെ ബട്ടർഫ്ളൈസ് പറക്കുന്നതു പോലെ തോന്നിയെന്ന് അവനോട് പറഞ്ഞ നേരം, ആ മുഖത്തെ പ്രണയം, അവന്‍റെ ചിരി. അതാണ്, തണ്ണീർമത്തൻ ദിനങ്ങളിലെ ഏറ്റവും മനോഹരമായ രാത്രി.

രവി പത്മനാഭൻ ആരെന്നും എന്തെന്നും ഇവിടെ പറയുന്നില്ല. വിനീത് ശ്രീനിവാസൻ ആ റോൾ മനോഹരമാക്കി എന്ന് മാത്രം പറയുന്നു. അതേക്കുറിച്ച് മറ്റെന്തെങ്കിലും നിരൂപണത്തിൽ കുറിക്കുന്നത് സസ്പെൻസ് കളയും. ഇവർ മൂന്ന് പേരും ഇർഷാദിനെ പോലുള്ള ചിലരും ഒഴിച്ചാൽ ഏറെക്കുറെ മറ്റെല്ലാവരും പുതുമുഖങ്ങൾ. പ്രിൻസിപ്പലായി ഇർഷാദ് തകർത്തു. ജെയ്സന്‍റെ കൂട്ടുകാർ, എതിർ ടീം, സ്റ്റെഫി എല്ലാവരും കിടു. മലയാളത്തിൽ പുതിയ താരങ്ങൾ പിന്നെയും പിന്നെയും അത്ഭുതം തീർക്കുന്നത് കാണുമ്പോൾ സന്തോഷം.

ഡിനോയ്ക്കൊപ്പം ചേർന്ന് തിരക്കഥയൊരുക്കിയതും ഗിരീഷ് തന്നെ. ജോമോൻ ടി ജോണിന്‍റെയും വിനോദ് ഇല്ലമ്പള്ളിയുടെയും അഴകുറ്റ ഫ്രെയിമുകൾ തണ്ണീർമത്തൻ ദിനങ്ങളെ കൂടുതൽ മനോഹരമാക്കി. ജാതിക്ക തോട്ടം അടക്കമുള്ള പാട്ടുകളിലും ഉണ്ടൊരു കുട്ടിക്കുറുമ്പും പുതുമയും. ആകെമൊത്തം കൊള്ളാം. രണ്ടേകാൽ മണിക്കൂർ അങ്ങനങ്ങ് പോകും. ഗോതുരുത്ത് സെന്‍റ് സെബാസ്റ്റ്യൻസ് സ്ക്കൂളിലേക്ക് മാതാ ജെറ്റ് ബസിൽ ധൈര്യമായി യാത്ര പോകാം. മുന്നിലെ കടയിൽ നിന്ന് ഐസിട്ട തണ്ണീർമത്തൻ ജ്യൂസും കഴിച്ചിറങ്ങുമ്പോൾ ഉള്ളൊന്ന് തണുക്കും. ഓർമ്മയിൽ അന്നേരവും സുഗന്ധം പരത്തും ആ ജാതിക്കാ തോട്ടം, അവന്‍റെ കൈത്തലത്തിൽ അമർത്തി അമർത്തി ഉമ്മ വെക്കുന്ന കീർത്തിയുടെ കണ്ണിലെ പ്രണയവും.

സുബീഷ് തെക്കൂട്ട്

ചീഫ് സബ് എഡിറ്റർ, ജനം ടിവി

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close