തൃശ്ശൂര്‍: നാട്ടിക എംഎല്‍എ ഗീതാ ഗോപിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍
പോലീസ് കേസെടുത്തു. എംഎല്‍എയുടെ പാരാതിയിലാണ് കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
ചേര്‍പ്പ് -തൃപ്രയാര്‍ റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്പില് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ സമരം നാടകമാണെന്നാരോപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിക്കുകയായിരുന്നു. ചാണകവെള്ളം തളിച്ചത് തന്നെ ജാതീയമായി ആക്ഷേപിക്കാനാണെന്ന് ഗീതാ ഗോപി എംഎല്‍എ ആരോപിച്ചു.
ചാണകവെള്ളം തളിച്ചത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ അധിക്ഷേപിക്കാനാണെന്നും, നിയമസഭാ അംഗത്തോട് ഇങ്ങനെയെങ്കില്‍ സാധാരണ സ്ത്രീകളോട് എങ്ങനെ ആയിരിക്കുമെന്നും എംഎല്‍എ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.