പ്രളയത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പെരുന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ചിരിക്കുകയാണ് പ്രവാസികൾ. സംഘടനകളും ആളുകളുമെല്ലാം ആഘോഷം മാറ്റിവച്ച് നാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാലാവും വിധം പറ്റുന്നതെല്ലാം ചെയ്യുന്ന തിരക്കിലാണ്.അബുദാബിയിലെ ഔദ്യോഗിക സംഘടനകളായ കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ എന്നിവയെല്ലാം ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ മറികടക്കാൻ പ്രവാസ ലോകത്ത് നടക്കുന്ന ശ്രമങ്ങൾക്ക് മുഴുവൻ ആളുകളും പിന്തുണയുമായി രംഗത്തുണ്ട്.കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് പ്രവാസി സമൂഹം നാട്ടിലേക്ക് ആവശ്യമായ നിരവധി വസ്തുക്കൾ ശേഖരിക്കുകയും എത്തിക്കുകയുമുണ്ടായിരുന്നു.ഇന്ത്യൻ ഇസ്ലാമിക് സെന്റർ ദുരിതബാധിതർക്കു വേണ്ടി സാധനസാമഗ്രികൾ സമാഹരിക്കാൻ ആരംഭിച്ചിട്ടുണ്ട്.