ആലുവ: കാലവര്‍ഷത്തിനു പിന്നാലെ ഉയര്‍ന്ന പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ജലനിരപ്പ് താഴ്ന്നത് കടുത്ത വരള്‍ച്ചയിലേയ്ക്ക് നയിക്കുമെന്നാണ് പരിസ്ഥിതി വിദഗ്ദര്‍ വിലയിരുത്തുന്നത്.
ഒരാഴ്ച മുമ്പ് സമുദ്ര നിരപ്പില്‍ നിന്ന് അഞ്ചേകാല്‍ മീറ്റര്‍ വരെ ഉയരത്തില്‍ നിറഞ്ഞൊഴുകിയിരുന്ന പെരിയാറാണ് ഇന്ന് സമുദ്രനിരപ്പിനോളം താഴ്ന്നത്. പുലര്‍ച്ചെ ജലനിരപ്പ് പൂജ്യം ലെവലിലായിരുന്നു. ജലനിരപ്പ് പിന്നെയും താഴ്ന്നാല്‍ ആലുവ ജലശുദ്ധീകരണ ശാലയില്‍ നിന്നുള്ള കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു.
പുഴയില്‍ നിന്ന് ജല ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്ത് പ്രളയത്തില്‍ ചെളി അടിഞ്ഞ നിലയിലാണ്. ഈ ഭാഗം വൃത്തിയാക്കാതെ ഇനിയും പമ്പിങ്ങ് തുടര്‍ന്നാല്‍ ജലശുദ്ധീകരണ ശാലയിലെ ഫില്റ്ററുകളടക്കം തകരാറിലാകും. ഒരാഴ്ച മുമ്പ് അഞ്ച് മീറ്റര്‍ ഉയര്ന്നൊഴുകിയ പെരിയാറിലെ ജലനിരപ്പ് പെട്ടെന്ന് കുറഞ്ഞത് തണ്ണീര്തടങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴ്ത്തുമെന്ന് നദി സംരക്ഷണ സമിതി ചെയര്മാന് പ്രൊഫ.സിതാരാമന് പറഞ്ഞു.
പുറപ്പിള്ളിക്കാവ് ബണ്ടടച്ചതോടെ പെരിയാറിലെ ജലനിരപ്പ് വൈകിട്ടോടെ 30 സെന്റിമീറ്റര്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷവും പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു.