കറാച്ചി: പാകിസ്ഥാനിലെ രാഷ്ട്രീയനേതാവും പത്രപ്രവര്‍ത്തകനുമായ ബിഎം കുട്ടി അന്തരിച്ചു. പുലര്‍ച്ചെ കറാച്ചിയിലായിരുന്നു അന്ത്യം. തിരൂര്‍ വൈലത്തൂര്‍ സ്വദേശിയായ ബിഎം കുട്ടിക്ക് 89 വയസായിരുന്നു.
ആറു പതിറ്റാണ്ടുകളായി പാകിസ്ഥാനിലാണ് ബിഎം കുട്ടി. 1930-ലാണ് ജനനം. 19 വയസുള്ളപ്പോള്‍ പാകിസ്ഥാനിലേക്ക് പോയതാണ് ബിയാത്തില് മൊയ്തീന് കുട്ടിയെന്ന ബിഎം.കുട്ടി.
പാകിസ്ഥാനിലെ ലേബര്‍ പാര്‍ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്ഥാനി അവാമി ലീഗ്, നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി, പാക്കിസ്ഥാന് നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ ബിഎം കുട്ടി പ്രവര്‍ത്തിച്ചിരുന്നു. നാട്ടില്‍ കേരള സ്റ്റുഡന്റ് ഫെഡറേഷന് പ്രവര്‍ത്തകനായിരുന്നു.
ജി.ബി. ബിസാഞ്ചോ ബലൂചിസ്ഥാന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നു ബിഎം കുട്ടി. നിലവില്‍ പാകിസ്ഥാന് പീസ് കൊയലീഷൻ (പിപിഎല്‍)സെക്രട്ടറി ജനറലും,പാകിസ്ഥാന് ലേബര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ് അദ്ദേഹം.