ഷെയ്ന്‍ നിഗത്തെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ വ്യാഴാഴ്ച് തിയറ്ററുകളിലെത്തും. ബാലതാരമായെത്തിയ എസ്തര്‍ അനില്‍ നായികാ നിരയിലേക്ക് പ്രവേശിക്കുന്ന ചിത്രം കൂടിയാണ് ഓള്. ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ ഫാന്റസി സ്വഭാവത്തില്‍ കഥ പറയുന്ന ചിത്രമാണ് ഓള്. കനി കുസൃതി, കാദംബരി ശിവായ, കാഞ്ചന, എസ് ഗോപാലകൃഷ്ണന്‍, പി ശ്രീകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്‌ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി ‘ഓള്’ പ്രദര്‍ശിപ്പിച്ചിരുന്നു. കൊല്‍ക്കത്ത ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലും സിനിമ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
ചെറിയ പ്രായത്തില്‍ കൂട്ട മാനഭംഗത്തിനിരയായി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളും അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞും അതിശയകരമായ രീതിയില്‍ വെള്ളത്തിനടിയില്‍ തന്നെ അതിജീവിക്കുകയാണ്. പൗര്‍ണ്ണമി രാത്രികളില്‍ മാത്രം അവള്‍ക്കു വെള്ളത്തിന് മീതെയുള്ള ലോകം കാണാന്‍ കഴിയും. ഒരു രാത്രിയില്‍ വള്ളത്തില്‍ തുഴഞ്ഞു പോകുന്ന വാസു എന്ന ചിത്രകാരനെ അവള്‍ കാണാനിടയാകുകയും അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയവും അത് വാസുവിന്റെ ചിത്രരചനയിലും ജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പ്രതിപാദിക്കുന്നത്.
ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ അന്തരിച്ച എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഉര്‍വ്വശി തീയേറ്റേഴ്‌സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.















