ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ 74 -ാം മത് പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ന്യൂയോർക്കിലേക്ക് പുറപ്പെടും. സെപ്റ്റംബർ 23 മുതൽ 27 വരെ പൊതുസമ്മേളനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിൽ വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകളിലും ബഹുരാഷ്ട്ര വേദികളിലും വി. മുരളീധരൻ പങ്കെടുക്കും.
ഭീകരവാദത്തിനെതിരായുള്ള ഐക്യരാഷട്ര സഭ രക്ഷാസമിതിയിലെ ചർച്ച, NAM, ജി77, ബ്രിക്സ്, SAMOA, കോമൺവെൽത്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങിയ ആറു ബഹുരാഷ്ട്ര വേദികളിൽ വി. മുരളീധരൻ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കും.
ഇതിനു പുറമേ 15 രാഷ്ട്രത്തലവൻമാരുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മുരളീധരൻ പങ്കെടുക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ 150-ാം മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ഗാന്ധി@150 യുൾപ്പടെയുള്ള പൊതു പരിപാടികളിലും വി. മുരളീധരൻ പങ്കെടുക്കും.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി തുടങ്ങി മൂന്നു പേരും ഒരുമിച്ച് പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്.