കൊച്ചി: എറണാകുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് വ്യക്തമാക്കി.
വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് കാക്കനാട് അത്താണി സ്വദേശിയായ ദേവികയെ മിഥുന് എന്ന യുവാവ് പ്രെട്രോളൊഴിച്ച് തീ കൊളുത്തിയത്. പറവൂര്‍ സ്വദേശിയായ മിഥുന് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവാവും മരണപ്പെട്ടിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി ദേവികയെ കാണണമെന്ന് പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ മിഥുന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. തീ ആളിപ്പടരുന്നതിനിടെയാണ് മിഥുന് പൊള്ളലേറ്റത്.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പിതാവിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.