കാസര്‍കോട്: വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് പുഴയില്‍ കെട്ടിത്താഴ്ത്തി. കൊല്ലം സ്വദേശി പ്രമീളയെയാണ് ഭര്‍ത്താവ് സെല്‍ജോ കൊലപ്പെടുത്തി ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയത്.
കാസര്‍കോട് ഒരു സ്ഥാപനത്തിലെ താല്കാലിക ജീവനക്കാരിയായിരുന്ന പ്രമീളയെ കഴിഞ്ഞ 19 മുതല്‍ കാണാതായി എന്നു പറഞ്ഞ് ഭര്‍ത്താവ് സെല്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സെല്‍ജോ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിട്ടും സൂചനകള്‍ ലഭിക്കാതായപ്പോള്‍ സംശയം തോന്നിയ പോലീസ് പല തവണകളിലായി സെല്‍ജോയെ ചോദ്യം ചെയ്തു. മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സെല്ജോയിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിയുന്നത്.
പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ പുഴയില്‍ കല്ലു കെട്ടിത്താഴ്ത്തിയതായ് സെല്‍ജോ കുറ്റം സമ്മതിച്ചത്. മുങ്ങല്‍ വിദഗ്ധ സംഘം നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും പോലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
സെല്‍ജോയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ തര്‍ക്കം നടന്നത്. തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വര്‍ഷങ്ങളായി വിദ്യാനഗറില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇരുവരുടേയും താമസം. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് കുട്ടികളുണ്ട്.