ഒക്ടോബർ 15 മുതൽ അബുദാബിയിൽ നാലിടങ്ങളിലായി ടോൾ നിലവിൽ വരുന്നുവെന്ന ഗതാഗത വകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നു. .ഇതുകാരണം വാഹന ഉപയോക്താക്കൾ രജിസ്ട്രേഷൻ, യാത്രാ ക്രമീകരണങ്ങൾ എല്ലാം നടത്തിവരികയായിരുന്നു. എന്നാൽ ഞായറാഴ്ച്ച വൈകിട്ടോടെയാണ് ഗതാഗത വകുപ്പ് തീരുമാനം മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.2020 ജനുവരി ഒന്ന് വരെ അബുദാബിയിൽ ടോൾ ഈടാക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി വാഹന ഉപയോക്താക്കൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് രണ്ടര മാസത്തേക്ക് ടോൾ സൗജന്യമാക്കുന്നത് .അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, അൽ മഖ്ത പാലം, ബവാബത് അബുദാബി ഇന്റർചേഞ്ച് എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ തിരക്കേറുന്ന സമയങ്ങളായ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകിട്ട് 5 മണി മുതൽ 7 മണി വരെയും നാല് ദിർഹമാണ് ടോൾ നിരക്ക്. ബാക്കി സമയങ്ങളിലും വെള്ളിയാഴ്ച്ചയും പൊതു അവധി ദിനങ്ങളിലും രണ്ട് ദിർഹമാണ് ടോൾ . ഒരു ദിവസം പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തിൽ നിന്ന് ടോൾ നിരക്ക് ഈടാക്കുക.