ബംഗളുരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണ്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലി ദിവസമായിരിക്കും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബംഗളുരുവിലാണ് ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറുകളായിരിക്കും ആമസോണ്‍ നല്‍കുക. വിലക്കിഴിവ്, ക്യാഷ്ബാക്ക്, കുറഞ്ഞ കമ്മീഷന് എന്നിവയായിരിക്കും ഉപഭോക്താക്കള്‍ക്കായി കമ്പനി നല്‍കുക. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍ 20 മുതല്‍ 30 ശതമാനം വരെ കമ്മീഷന് ഈടാക്കുമ്പോള്‍ 6 മുതല്‍ 10 ശതമാനം വരെ മാത്രം കമ്മീഷന് ഈടാക്കാനാണ് ആമസോണ്‍ തയ്യാറെടുക്കുന്നത്.
സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്സ് എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍. ആമസോണ്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത് മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍ക്ക് വന്‍ തിരിച്ചടിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.