പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പോലീസ് തടഞ്ഞു. തമിഴ് നാട്ടില്‍ നിന്നെത്തിയ പന്ത്രണ്ടു വയസുകാരിയെയാണ് പോലീസ് തടഞ്ഞത്. യുവതി പ്രവേശനം നടത്തേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ കര്‍ശന പരിശോധനയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്രായം കൃത്യമായി പരിശോധിച്ചതിനു ശേഷമാണ് സ്ത്രീകളെ ശബരിമലയിലേക്ക് കടത്തി വിടുന്നത്. വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകള്‍ ഉണ്ടോയെന്നും ഉറപ്പ് വരുത്തുന്നുണ്ട്. ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന പരിശോധന നടപ്പിലാക്കുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം സ്ത്രീ പ്രവേശനത്തിന് കൂട്ടു നിന്ന പോലീസുകാര്‍ ഇപ്പോള്‍ അനാവശ്യമായ പരിശോധനകളാണ് നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വിജയവാഡയില്‍ നിന്നെത്തിയ പത്ത് യുവതികളെ പമ്പയില്‍ നിന്ന് പോലീസ് തിരിച്ചയച്ചിരുന്നു.