പത്തനംതിട്ട: ശബരിമലയില്‍ ഡോളി ചുമട്ടുകാരെ ഒഴിവാക്കാന്‍ ഏകീകൃത സംവിധാനം നടപ്പാക്കിയാല്‍ ഉപജീവനം നഷ്ടമാകുന്നത് ഒരു കൂട്ടം യുവാക്കള്‍ക്ക്. പാരമ്പര്യമായി ചുമട്ട് തൊഴില്‍ ചെയ്യുന്നവരാണ് ഇവര്‍. ചുമട്ട് തൊഴിലാളികള്‍ തീര്‍ത്ഥാടകരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നതായാണ് വ്യാപകമായ പരാതി. എന്നാല്‍ ഈടാക്കുന്ന കാശില്‍ ഒരു ഭാഗം പങ്കു പറ്റുന്നത് ദേവസ്വം ബോര്‍ഡ് അധികാരികളാണ്.
ദേവസ്വം ബോര്‍ഡ് തൊഴിലാളികളില്‍ നിന്നും നോക്കു കൂലി ഈടാക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഓരോ ഡോളിക്കും 200 രൂപ വീതമാണ് ദേവസ്വം ബോര്‍ഡ് നോക്കു കൂലി വാങ്ങുന്നത്. ഇതു വഴി ഒരു ദിവസം ദേവസ്വം ബോര്‍ഡ് തൊഴിലാളികളില്‍ നിന്നും ഈടാക്കുന്നത് 50,000 രൂപയാണ്.
കാലാകാലങ്ങളായി ശബരിമലയില്‍ ഡോളി ചുമക്കുന്നവരാണ് ഇവര്‍. ജീവനക്കാര്‍ക്ക് താമസിക്കാന്‍ താമസ സൗകര്യമോ, ചുമട്ട് കൂലി വര്‍ദ്ധിപ്പിക്കണമെന്ന തൊഴിലാളികളുടെ അപേക്ഷയോ സ്വീകരിക്കാന്‍ ബോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല.
കിലോമീറ്ററുകളോളം ദൂരം താണ്ടി ഭാരം ചുമന്ന് ഇവര്‍ ശബരിമലയില്‍ എത്തുമ്പോള്‍ ഒരാള്‍ക്ക് ലഭിക്കുന്നത് 500 രൂപയാണ്. പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് ഒരു തീര്‍ത്ഥാടകനില്‍ നിന്ന് ഈടാക്കുന്നത് 2200 രൂപയാണ്. മടക്ക യാത്ര കൂടി ഉണ്ടെങ്കില്‍ 4200 രൂപയുമാണ് ഈടാക്കുന്നത്. നോക്കുകൂലിയായി ദേവസ്വം ബോര്‍ഡ് 200 രൂപ ഈടാക്കുമ്പോള്‍ ബാക്കി 2000 രൂപയാണ് ലഭിക്കുക.
പമ്പയില്‍ നിന്ന് നാല് കിലോമീറ്ററോളം അകലത്തിലാണ് ഡോളിയുടെ സഹായം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകുന്നത്. ചുമടുമായി കയറുമ്പോള്‍ ശ്വാസമെടുക്കാന്‍ പോലും പറ്റില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 1966-ല്‍ വെറും 10 ഡോളികള്‍ മാത്രമാണ് ഉണ്ടായത്. നിലവില്‍ 2000 തൊഴിലാളികളാണ് ഇവിടെ ഉള്ളത്.