വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിര്‍ണായക ഘട്ടത്തില്‍. ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി അധികാരം ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപിച്ച് ജുഡീഷറി കമ്മിറ്റി പ്രമേയം തയാറാക്കി.
ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജുഡീഷറി കമ്മിറ്റി പ്രമേയം തയാറാക്കിയത്. പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയില്‍ പാസായാലും സെനറ്റില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്മെന്റ് നടപ്പാക്കാന്‍ സാധ്യത വിരളമാണെന്നാണ് സൂചന.
വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ദേശീയ താത്പര്യങ്ങള്‍ ബലികഴിച്ചെന്നും ഇംപീച്ച് ചെയ്യാന്‍ തെളിവുകളുണ്ടെന്നും ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് അടിസ്ഥാന രഹതമാണെന്നും നടപടി അവസാനിപ്പിക്കണമെന്നും ഹൗസ് ജുഡീഷറിയോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകാനാണ് നാന്‍സി പലോസി നിര്‍ദ്ദേശിച്ചത്.
നിയമത്തിന്റെ മുന്നില്‍ ആരും അതീതരല്ല. നടപടി നേരിടാന്‍ ട്രംപ് തയ്യാറാകണമെന്നും ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. വിശ്വാസ വഞ്ചന കാണിച്ച ഒരാള്‍ നടപടി നേരിടാതെ രാജ്യത്ത് നില്ക്കുന്നുവെങ്കില് അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡെമോക്രാറ്റുകള്‍ സൂചിപ്പിച്ചു. നടപടി തുടരുകയാണെങ്കില്‍ ഇംപീച്ച് നേരിടുന്ന അമേരിക്കയിലെ മൂന്നാമത്തെ നേതാവാണ് ട്രംപ്.