സത്യമപ്രിയം

റേറ്റിംഗിന് സഹജീവികളെ കരുവാക്കരുത്

ജി കെ സുരേഷ് ബാബു

24 ന്യൂസ് ചാനലിന്റെ മേധാവി ശ്രീകണ്ഠന്‍ നായരെ ആദ്യം പരിചയപ്പെടുമ്പോള്‍, അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലെ നാടകവിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് മറ്റൊരു ചാനലില്‍ അദ്ദേഹം എത്തിയതും അവിടെ നിന്ന് വഴിപിരിഞ്ഞ് ഇപ്പോഴത്തെ സ്ഥലത്ത് എത്തിയതും ഒക്കെ ചരിത്രമാണ്. മലയാള പത്രപ്രവര്‍ത്തനരംഗത്ത് പരാമര്‍ശിക്കപ്പെടാവുന്ന എന്തെങ്കിലും വാര്‍ത്തയോ സംഭാവനയോ അദ്ദേഹം നല്‍കിയിട്ടുണ്ടെന്ന് ഇന്നുവരെ തോന്നിയിട്ടില്ല. ചാനലുകളുടെ പൊതുവായ നടത്തിപ്പിലും എന്റര്‍ടെയ്ന്റ്‌മെന്റ് പരിപാടികളിലും അദ്ദേഹം പുലര്‍ത്തിയിട്ടുള്ള മികവ് ആദരവോടെയേ കിട്ടുമുള്ളൂ. പക്ഷേ, ചാഞ്ഞ മരത്തില്‍ ചാടിക്കയറുന്ന പോലെ സ്വന്തം ചാനലില്‍, ജനം ടിവിക്ക് എതിരെ അദ്ദേഹം നല്‍കിയ വാര്‍ത്തയുടെ സാംഗത്യവും സത്യസന്ധതയും മറ്റു മലയാളികളെയും പത്രപ്രവര്‍ത്തകരെയും പോലെ ഒട്ടും ബോധ്യപ്പെട്ടില്ല.

മംഗലാപുരത്ത് വ്യാഴാഴ്ച നടന്ന വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മാദ്ധ്യമപ്രവര്‍ത്തര്‍ എന്ന പേരില്‍ മംഗലാപുരത്തേക്ക് നുഴഞ്ഞുകയറാല്‍ ശ്രമിച്ച അമ്പതോളം പേര്‍ കസ്റ്റഡിയിലായതായി മംഗലാപുരം പോലീസ് കമ്മീഷണര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. ഇക്കാര്യം മംഗലാപുരത്തെ എല്ലാ മാദ്ധ്യമങ്ങളും ഒരേപോലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ്ണയും ടി വി 9 നും ഈ വാര്‍ത്ത നല്‍കിയപ്പോള്‍ മംഗലാപുരത്തെ ലേഖകന്‍ നല്‍കിയ വാര്‍ത്ത ജനം ടിവിയും നല്‍കി. ഇതിനിടെ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ആശുപത്രിയില്‍ എത്തിയ എട്ട് മലയാളി പത്രപ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ വാര്‍ത്തയും ജനം ടി വി നല്‍കിയിരുന്നു.

എന്നാല്‍ ഈ എട്ടുപേര്‍ വ്യാജ മാധ്യമപ്രവര്‍ത്തകര്‍ ആണെന്ന് ജനം ടി വി വാര്‍ത്ത കൊടുത്തു എന്നാണ് 24 പിന്നീട് ഫ്‌ളാഷ് ന്യൂസും വാര്‍ത്തയും നല്‍കിയത്. ചാനലിന്റെ മേധാവിയായ ശ്രീകണ്ഠന്‍ നായര്‍ തന്നെ പിന്നീട് ഇക്കാര്യത്തില്‍ ലൈവ് റിപ്പോര്‍ട്ടുമായി രംഗത്ത് വരികയും ചെയ്തു. നാടകവും ഫിക്ഷനും അല്ല മാധ്യമപ്രവര്‍ത്തനം. പത്രപ്രവര്‍ത്തനം സത്യവും വസ്തുതാപരവുമാകണം. വസ്തുതകളാകട്ടെ വിശുദ്ധവും. നാടകത്തിന് ഈ പറയുന്നതൊന്നും ആവശ്യമില്ല. നാടകാന്തം കവിത്വം എന്നൊക്കെയാണ് പറയുന്നതെങ്കിലും അത്യാവശ്യം നന്നായി തള്ളാന്‍ അറിയുന്നവര്‍ക്ക് ഏകാംഗ നാടകവും സ്‌കിറ്റും വഴങ്ങുമെന്ന് ചില മോണിംഗ് ഷോകളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. 50 വ്യാജ മാദ്ധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു എന്ന് പറയുമ്പോള്‍ അത് കേരളത്തിലെ എട്ട് മാദ്ധ്യമപ്രവര്‍ത്തകരാണ് എന്നുപറഞ്ഞ് വളച്ചൊടിക്കാനുള്ള ധൈര്യം എവിടെ നിന്നാണ് ശ്രീകണ്ഠന്‍ നായര്‍ക്ക് കിട്ടിയതെന്ന് മനസ്സിലായില്ല.

ജനം ടിവി ഒരിടത്തു പോലും കേരളത്തില്‍ നിന്നു പോയവര്‍ വ്യാജ മാദ്ധ്യമപ്രവര്‍ത്തകരാണ് എന്നു പറഞ്ഞിട്ടില്ല. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും ഒറ്റ തിരിഞ്ഞ് ആക്രമിച്ചപ്പോഴും പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്തമായ മൂല്യങ്ങള്‍ കൈവിടാതെ സത്യസന്ധമായ മാദ്ധ്യമപ്രവര്‍ത്തനമാണ് ജനം ടി വി നടത്തിയത്. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞ രീതിയില്‍ ഈ വാര്‍ത്ത ജനം ടി വി നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ബാലുശ്ശേരിയില്‍ മുതല ഇറങ്ങി എന്നു പറഞ്ഞതുപോലെ തള്ള് വ്യവസായമല്ല ജനം ടി വി നടത്തുന്നത്. ജനം ടിവിയുടെ ഉടമസ്ഥരില്‍ ആരും തന്നെ സുടാപ്പികളോ ജിഹാദികളോ അല്ല. അയ്യായിരത്തോളം വരുന്ന ഓഹരിയുടമകളില്‍ സാധാരണക്കാരനായ കൃഷിപ്പണിക്കാരനും ഓട്ടോറിക്ഷാ തൊഴിലാളിയും മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വരെ ഉണ്ട്. അവര്‍ ചോര നീരാക്കിയ പണം കൊണ്ടാണ് ഈ ചാനല്‍ തുടങ്ങിയിട്ടുള്ളത്.

ഭാരതത്തിനും ഭാരത മാതാവിനും വേണ്ടിയുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഈ സ്ഥാപനം തുടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ദേശവിരുദ്ധ ശക്തികളെ തുറന്നുകാണിക്കാനും സാംസ്‌കാരിക ദേശീയതയുടെ ആശയധാരയെ പ്രോത്സാഹിപ്പിക്കാനും അനുസൃതമായ നിലപാട് ഞങ്ങള്‍ക്ക് സ്വീകരിച്ചേ മതിയാകൂ. ഈ നാടിന്റെ, ഭാരതത്തിന്റെ കാവലാളായി പ്രാണന്‍ നല്‍കിയും അതിനുവേണ്ടി പോരാടാന്‍ സമര്‍പ്പിതമായ ജീവിതങ്ങളാണ് ഞങ്ങളില്‍ ഓരോരുത്തരുടേതും. പക്ഷേ, ഒപ്പമുള്ളവനെ കുത്താനും അതിന്റെ പേരില്‍ റേറ്റിംഗില്‍ കുതിപ്പ് ഉണ്ടാക്കാനും സത്യമില്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടാനും ഞങ്ങളില്ല.

24 ഉദ്ദേശിക്കുന്നത് എന്താണെന്ന് തലയില്‍ ആള്‍ത്താമസമുള്ള കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകും, മനസ്സിലായിട്ടുണ്ട്. മാസങ്ങളോളം ജനം ടിവിയുടെ പിന്നില്‍ നിന്നശേഷം ദേശീയ കാഴ്ചപ്പാടുള്ള സമീപനം സ്വീകരിച്ച് ജനം ടിവിയെ മറികടക്കുക എന്ന തന്ത്രമാണ് അന്ന് അനുവര്‍ത്തിച്ചത്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ജിഹാദി ഇസ്ലാമിക തീവ്രവാദ പ്രേക്ഷകരെയാണ് വേണ്ടത് അതിനുവേണ്ടി ജിഹാദി ചാനലായ മീഡിയ വണ്ണിനെ വെട്ടുന്നതിനായി ഇസ്ലാമിക തീവ്രവാദം പരീക്ഷിക്കാനാണ് ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചത്. സ്വന്തം കാര്യം നേടാന്‍ വേണ്ടി എന്തും ചെയ്യാനുള്ള ഈ നടപടി ഒരു മാദ്ധ്യമ സ്ഥാപനമായ ജനം ടിവിയോട് വേണ്ടായിരുന്നു. ജിഹാദികളെ പിടിക്കാന്‍ സ്വന്തം മുതലാളിയെ മുന്‍നിര്‍ത്തി ഒരു പോരാട്ട വേദി ഒരുക്കുകയായിരുന്നു അഭികാമ്യം.

24 ചാനലിന്റെ ഈ പ്രവൃത്തിയെ എല്ലാ ബഹുമാനത്തോടും ഒപ്പം അവജ്ഞയോടും കൂടി തള്ളുന്നു. പക്ഷേ, ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറ്റു ചിലരും രംഗത്തു വന്നിരുന്നു. അവരുടെ ആരുടെയും ഔദാര്യത്തിലല്ല ഞങ്ങള്‍ ഈ സ്ഥാപനം നടത്തുന്നതും മാദ്ധ്യമപ്രവര്‍ത്തനം നടത്തുന്നതും. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പഭക്തരെ അക്രമികള്‍ എന്നു വിളിക്കാന്‍ ഒരു മടിയും കാണിക്കാതിരുന്ന അവര്‍ പിന്നീട് എങ്ങനെയാണ് ഭക്തരെന്ന് വിളിക്കാന്‍ തുടങ്ങിയതെന്ന് കേരളം കണ്ടതാണ്.

ശബരിമലയില്‍ വാര്‍ത്താ റിപ്പോര്‍ട്ടിംഗിന് അപ്രഖ്യാപിത നിരോധനവുമായി സംസ്ഥാന ഭരണകൂടം എത്തിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഈ മാദ്ധ്യമങ്ങളോ പത്രപ്രവര്‍ത്തക യൂണിയനോ ഉണ്ടായില്ല. ജനം ടിവി ചീഫ് എഡിറ്റര്‍ എന്ന നിലയില്‍, അഡ്വ. കെ. രാംകുമാര്‍ വഴി ഞാന്‍ തന്നെയാണ് ഹൈക്കോടതിയില്‍ പോയതും അനുകൂല വിധി വാങ്ങിയതും. പത്രപ്രവര്‍ത്തക യൂണിയന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പോലും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടില്ല. ഒരു സംസ്ഥാന നേതാവും ഫോണില്‍ പോലും വിളിച്ച് ഇക്കാര്യം അന്വേഷിച്ചില്ല. ശ്രീകണ്ഠന്‍ നായര്‍ അടക്കമുള്ള മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെയും കാര്യം അങ്ങനെ തന്നെ ആയിരുന്നു.

പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയം പത്രപ്രവര്‍ത്തക യൂണിയനില്‍ ഉണ്ടാകാന്‍ പാടില്ല. യൂണിയന്‍ എല്ലാവരുടെയും പൊതുവേദിയാണ്. യൂണിയനിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നത് സുഖകരമല്ല. മുന്‍പും യൂണിയന്‍ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയധാരയില്‍ നിന്നുമുള്ളവര്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ പൊതുവേദിയായി പത്രപ്രവര്‍ത്തക യൂണിയന്‍ തുടര്‍ന്നില്ലെങ്കില്‍ സംഘടനയ്ക്കുള്ളില്‍ ദേശീയതയുടെ ചിന്താധാരയെ അനുകൂലിക്കുന്ന പുതുനാമ്പുകള്‍ ഉണ്ടാകും. കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൃഗീയഭൂരിപക്ഷം ഇവിടെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അതില്ലെന്ന കാര്യം ഓര്‍മ്മിക്കണം. ദേശീയതലത്തിലുള്ള ഒരു ചേരിതിരിവിലേക്ക് ഇതിനെ കൊണ്ടുപോകരുത്.

7K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close