മോറിസ് ഗാരേജസ് എന്ന എംജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ കാറായ ZS ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഇന്റർനെറ്റ് എസ് യുവി എന്ന വിശേഷണത്തോടെയാണ് വാഹനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിലാണ് ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
കമ്പനിയുടെ വെബ് സൈറ്റ് വഴി ആവശ്യക്കാർക്ക് വാഹനം ബുക്ക് ചെയ്യാം. ബുക്കിംഗിനായി 50,000 രൂപയാണ് അടക്കേണ്ടത്. ആദ്യ ഘട്ടത്തിൽ 1000 ബുക്കിംഗ് മാത്രമേ കമ്പനി സ്വീകരിക്കുന്നുള്ളൂ. പിന്നീടായിരിക്കും കൂടുതൽ ബുക്കിംഗ് എടുക്കുക. ഉപഭോക്താക്കളുടെ എണ്ണം കൂടിയതിനാൽ എംജി ആദ്യം പുറത്തിറക്കിയ ഹെക്ടറിന്റെ ബുക്കിംഗ് പാതിവഴിയിൽ നിർത്തി വക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ബുക്കിംഗിന് പരിധി വച്ചിരിക്കുന്നത്.
വിദേശത്തുളള ZS പെട്രോള്‍ മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്ക് പതിപ്പിനും നല്‍കിയിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിണിയില്‍ എത്തുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, സൺ റൂഫ് എന്നിവയാണ് ZS ന്റെ പ്രധാന സവിശേഷതകള്‍.
ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടെങ്കിലും വില സംബന്ധിച്ച വിരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.