പോയവർഷം ഇന്ത്യയിലേക്കെത്തിയ പുതിയ കമ്പനിയായിരുന്നു കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. തങ്ങളുടെ ആദ്യ വാഹനം കൊണ്ട് തന്നെ കിയ ഇന്ത്യൻ വാഹന പ്രേമികളുടെ മനകവർന്നു. സെൽറ്റോസ് എന്ന എസ് യുവി മികച്ച പ്രതികരണങ്ങളാൽ ഇപ്പോഴും വിറ്റഴിക്കപ്പെട്ടകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ വാഹനം ഒരു ലക്ഷം ബുക്കിംഗ് എന്ന നാഴികക്കല്ലുകൂടി കടന്നിരിക്കുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സെൽറ്റോസ് വിപണിയിലെത്തിയത്. ഒക്ടോബർ, നവംബർ മാസങ്ങൾ കൊണ്ട് തന്നെ ബുക്കിംഗ് 50,000, മുതൽ 80,000 വരെയെത്തിയിരുന്നു. ഡിസംബറിൽ കമ്പനി പ്രതീക്ഷിച്ച ബുക്കിംഗ് ഉണ്ടായില്ലെങ്കിലും പുതുവർഷത്തിലെ ആദ്യ ആഴ്ച തന്നെ വാഹനത്തിന്റെ ബുക്കിംഗ് ഒരു ലക്ഷം കടക്കുകയായിരുന്നു.
വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പുകൾക്കാണ് കൂടുതൽ ഡിമാന്റുള്ളതെന്നും ഡീസൽ വേരിയന്റിന് തങ്ങൾ പ്രതീക്ഷിച്ചതിലധികം ആവശ്യക്കാരുണ്ടായെന്നും കമ്പനി പറയുന്നു. 2019 കിയ മോട്ടോർസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമാണ്. വാഹനപ്രേമികൾക്കിടയിൽ ഏറ്റവും മികച്ച പ്രതികരണവും അഭിനന്ദനവും സെൽറ്റോസിന് ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. വിപണിയിൽ മാന്ദ്യമാണെന്ന് പറയപ്പെടുമ്പോഴും ധാരാളം സെൽറ്റോസ് വിതരണം ചെയ്യാൻ തങ്ങൾക്ക് സാധിച്ചുവെന്നും കിയ മോട്ടോഴ്സ് പ്രതികരിച്ചു.
മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തിയ കിയ സെൽറ്റോസിന് നിലവിൽ 9.69 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയായിരുന്നു എക്സ്-ഷോറൂം വില. എന്നാൽ ജനുവരി മുതൽ വാഹനത്തിന് 35,000 രൂപ വരെ വിലവർദ്ധനവുണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.