അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. നീണ്ട ഇടവേളക്കുശേഷം ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയ ബുംറ അശ്വിനേയും ചാഹലിനേയും മറികടന്നാണ് ഒന്നാമതെത്തിയത്. പരിക്കിനെ തുടര്‍ന്നാണ് ബുംറക്ക് നാല് മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നത്.
ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകയെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയതോടെയാണ് ബുംറയുടെ ടി20 യില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരെ കടത്തിവെട്ടി നേട്ടം സ്വന്തമാക്കിയത്. വിക്കറ്റ് നേട്ടത്തില്‍ ബുംറയെ അഭിനന്ദിച്ചുകൊണ്ട് ബി.സി.സി.ഐ രംഗത്തെത്തിയിരുന്നു
നേരത്തെ അശ്വിനും ബുംറയും ചാഹലും 52 വിക്കറ്റുമായി മൂന്നു പേരും ഒന്നാമതായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയതോടെ ബുംറ റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു. നിലവില്‍ ബുംറയുടെ വിക്കറ്റ് നേട്ടം 53 ആയി. ടീമിലുണ്ടായിരുന്ന ചാഹലിന് വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാതിരുന്നത് ബുംറയുടെ റെക്കോഡ് നേട്ടം എളുപ്പമാക്കുകയായിരുന്നു. ശ്രീലങ്കയെ 78 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-0 ന് സ്വന്തമാക്കിയത്.















