മോറിസ് ഗാരേജസ് എന്ന എംജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ രണ്ടാമത്തേതും ആദ്യത്തെ ഇലക്ട്രിക് കാറുമായ ZS ഇവി പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ വാഹനത്തിന് ആവശ്യമായ ചാർജിംഗ് കേന്ദ്രങ്ങളൊരുക്കി കമ്പനി. എംജിയുടെ മുഴുവൻ ഡീലർഷിപ്പുകളിലും 10 ഡിസി ചാർജിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് എംജി അറിയിച്ചു. തിരഞ്ഞെടുത്ത എജി ഡീലർഷിപ്പുകളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഫാസ്റ്റ് ചാർജിംഗ് നെറ്റ് വർക്കും കമ്പനി തയ്യാറാക്കുന്നുണ്ട്.
ഒരു എസി ഫാസ്റ്റ് ചാർജർ ഉപഭോക്താവിനായി എംജി ഇൻസ്റ്റാൾ ചെയ്ത് നൽകും. വീട്ടിലോ ജോലിസ്ഥലത്തോ ഫാസ്റ്റ് ചാർജർ സംവിധാനം ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. ഇതിനി പുറമെ റോഡ് സൈഡ് അസിസ്റ്റൻസിന്റെ ഭാഗമായി ചാർജ്-ഓൺ-ദി-ഗോ സംവിധാനവും എംജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു.
എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ കാറായ ZS ഇവിയെ രാജ്യത്തെ ആദ്യ ഇലക്ട്രിക് ഇന്റർനെറ്റ് എസ് യുവി എന്ന വിശേഷണത്തോടെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തുളള ZS പെട്രോള്‍ മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്ക് പതിപ്പിനും നല്‍കിയിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിണിയില്‍ എത്തുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, സൺ റൂഫ് എന്നിവയാണ് ZS ന്റെ പ്രധാന സവിശേഷതകള്‍.
ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടെങ്കിലും വില സംബന്ധിച്ച വിരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.















