മുംബൈ: സുരക്ഷയിൽ ഗ്ലോബൽ എൻസിഎപി യുടെ 5സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ടാറ്റ അൾട്രോസ്. ആദ്യമായാണ് ഒരു ഇന്ത്യൻ നിർമ്മിത ഹാച്ച് ബാക്ക് കാർ അഡൽറ്റ് സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗ് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യമായി ഇന്ത്യയിൽ സുരക്ഷ പരിശോധനയിൽ 5സ്റ്റാർ നേടിയത് ടാറ്റയുടെ നെക്സോൺ ആണ്. വീണ്ടും ടാറ്റ കുടുംബത്തിൽ നിന്ന് ഒരു വാഹനം കൂടി 5സ്റ്റാർ നേടുന്നു എന്നതും ശ്രദ്ധേയമാണ്.
ടാറ്റാ അൽട്രോസ് യാത്രക്കാർക്ക് ലോകോത്തര പരിരക്ഷ നൽകുന്നതിന് ഉതകും വിധമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് റിസൽറ്റ്. അൾട്രോസ് നിരത്തിലെത്തുന്നത് വാഹന പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഘട്ടത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ ഈ സുപ്രധാന നേട്ടം. വാഹനങ്ങളിലെ സുരക്ഷയുടെ ഏറ്റവും ഉയർന്ന ആഗോള നിലവാരം എത്തിക്കാൻ ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിന് കഴിയുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ടാറ്റയുടെ ഈ നേട്ടം.
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിലൂടെ ആൽട്രോസിന്റെ ഘടനയും മൊത്തത്തിലുള്ള സുരക്ഷയും വിലയിരുത്തി. മുന്നിലും പാർശ്വഭാഗങ്ങളിലും കാർ പരീക്ഷിച്ചു. ഗ്ലോബൽ എൻസിഎപി നടത്തിയ രണ്ട് ടെസ്റ്റുകളുടെയും സംയോജിത വിലയിരുത്തലിലാണ് അൾട്രോസിന് പൂർണ്ണമായ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. കുട്ടികളുടെ സുരക്ഷയിൽ ആൾട്രോസ് ശ്രദ്ധേയമായ 3-സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. ഈ നേട്ടത്തിന് അനുസൃതമായി, അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ കമ്പനിയുടെ തീമിന്റെ നിർണായക ഘടകമായി സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.