ഇന്ത്യന്‍ കാറുകള്‍ സുരക്ഷ പരിശോധനയില്‍ മികവു പുലര്‍ത്തുന്ന കാഴ്ചയാണ് അടുത്തിടെ കണ്ടുവരുന്നത്. അടിമുടി മാറ്റങ്ങളുമായെത്തിയ ടാറ്റ ഇന്ത്യന്‍ വാഹന വിപണിയില്‍ കുതിച്ചുപായുകയാണ്. ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍(ജിഎന്‍സിഎപി) കാഴ്ചവെച്ച പ്രകടനം തന്നെയാണ് ടാറ്റയെ കരുത്തനാക്കിയത്. നെക്‌സോണും അള്‍ട്രോസും മാത്രമാണ് ക്രാഷ് ടെസ്റ്റുകളെ അതിജീവിച്ച് 5 സ്റ്റാറുകള്‍ സ്വന്തമാക്കിയിരുന്നതെങ്കില്‍ ആ പട്ടികയിലേക്ക് മഹീന്ദ്രയുടെ പേരും ഇതാ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര 5 സ്റ്റാര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. പട്ടികയില്‍ ടാറ്റക്കൊപ്പം സ്ഥാനം പിടിച്ചതിന് പുറമെ സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര ടാറ്റയെ മറികടന്നു. ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിനേക്കാളും അള്‍ട്രോസിനേക്കാളും മികച്ച പ്രകടനമാണ് എക്‌സ്‌യുവി 300 കാഴ്ചവെച്ചത്.

ക്രാഷ് ടെസ്റ്റില്‍ 16.06 പോയിന്റാണ് ടാറ്റ നെക്‌സോണിന് ലഭിച്ചത്. അള്‍ട്രോസിന് 16.13 പോയിന്റ് ലഭിച്ചിരുന്നു. എന്നാല്‍ 16.42 പോയിന്റുകള്‍ സ്വന്തമാക്കിയാണ് മഹീന്ദ്ര എക്‌സ്‌യുവി 300 ടാറ്റയെ ഞെട്ടിച്ചത്. കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാറുകളും സ്വന്തമാക്കിയ എക്‌സ്‌യുവി 300 ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ ഇതുവരെ സ്വന്തമാക്കാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.















