തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 91 ആയി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും. കെഎസ്ആര്‍ടിസിയോ സ്വകാര്യബസോ സര്‍വ്വീസ് നടത്തില്ല. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. മുഴുവന്‍ പെട്രോള്‍ പമ്പുകളും തുറക്കും. എല്‍പിജി വിതരണം മുടങ്ങില്ല. ആശുപത്രികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം ഹോം ഡെലിവറിക്ക് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതിന് ശേഷം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ 64920 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 383 പേര് ആശുപത്രിയിലും ബാക്കി ഉള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് 122 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4291 സാമ്പിളുകളാണ് പരിശോധനിയ്ക്ക് അയച്ചത്. ഇതില്‍ 2987 ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളിലെ ആളുകള്‍ പുറത്തിറങ്ങരുത്. ഇറങ്ങുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയായ കാസര്‍കോട് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൊറോണയെ ചെറുക്കാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.