ന്യൂഡല്‍ഹി: കൊറോണ ബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യയില്‍ സമൂഹവ്യാപന സാധ്യത കണ്ടറിഞ്ഞുള്ള നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത്. സുപ്രധാന നിര്‍ദ്ദേശമായി മുന്നോട്ട് വച്ചിരിക്കുന്നത് വൃദ്ധരായവരെ മുഴുവന്‍ രോഗം ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട നടപടികളെപ്പറ്റിയാണ്. ലോകം മുഴുവൻ രോഗം ബാധിച്ചവരിലും മരിച്ചവരിലും കൂടുതൽ പേർ 60 വയസ്സിനു മുകളിലുള്ളവരായതിനാലാണ് മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം.
കൊറോണ സാദ്ധ്യതാ പഠനം നടത്തുന്ന ശാസ്ത്രജ്ഞരാണ് പ്രായം ചെന്നവരുടെ സുരക്ഷയിലാണ് ശ്രദ്ധിക്കേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. അതിനുള്ള മാര്‍ഗ്ഗരേഖകളും പുറത്തുവിട്ടിട്ടുണ്ട് . 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെല്ലാം വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും മറ്റുള്ളവര്‍ അവരിലേക്ക് ഒരു വിധത്തിലുള്ള രോഗങ്ങള്‍ പടരാനുള്ള സാഹചര്യവും സൃഷ്ടിക്കരുതെന്നുമുള്ള നിര്‍ദ്ദേശമാണ് നല്‍കുന്നത്. മറ്റൊരു പ്രധാനകാര്യം താമസിക്കുന്ന സ്ഥലത്തെ ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. പ്രായമുള്ളവരുടെ മുറികളും താമസിക്കുന്ന പരിസരവും ഏറ്റവും വൃത്തിയാക്കി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.