ന്യൂഡല്‍ഹി: ആദായ നികുതിയുമായി ബന്ധപ്പെട്ട അവസാന നീയതി നീട്ടിയതിന് പിന്നാലെ ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, ഫോം 16 എന്നിവ നല്കുന്ന തീയതിയും നീട്ടി. ജൂണ്‍ 30 വരെയാണ് ഇവ നീട്ടിയത്. 2019 – 20 സാമ്പത്തിക വര്‍ഷത്തിലെ നികുതി പിടിച്ചതിന്റെ രേഖകള്‍ അടങ്ങിയ ഫോം 16 തൊഴിലുടമയാണ് ജീവനക്കാര്‍ക്ക് നല്‍കുക.
ഫോം 16 നീട്ടിയതിന് പിന്നാലെ ആദായ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയിലും മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ജൂണ്‍ 30 ന് ഫോം 16 ലഭിച്ചതിന് ശേഷം ഐടി ഫയല്‍ ചെയ്യാന്‍ സമയമില്ലാത്തതിനാലാണ് ആദായ നികുതി ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടുന്നത്. സാധാരണ ആദായ നികുതി ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലായ് 31 ആണ്. തൊഴിലുടമ ടിഡിഎസ് റിട്ടേണ്‍ മെയ് 31 ന് മുന്‍പും ശേഷം ഫോം 16 ജൂണ്‍ 15 ന് മുന്പുമായി ജീവനക്കാര്‍ക്ക് നല്‍കുകയാണ് പതിവ്.