മുംബൈ: വിപണിയില്‍ പണലഭ്യത ഉറപ്പു വരുത്താനുള്ള പ്രഖ്യാപനങ്ങള്‍ ആര്‍ബിഐ നടത്തിയതോടെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 986 പോയിന്റ് നേട്ടത്തില്‍ 31,589 ലും നിഫ്റ്റി 274 പോയിന്റ് ഉയര്‍ന്ന് 9267 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞതുമാണ് ഓഹരി വിപണിയ്ക്ക് കരുത്തായത്.
ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 696 ഓഹരികള്‍ നഷ്ടത്തിലും ആയിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. നെസ്ലേ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, സണ്‍ ഫാര്‍മ ടെക് മഹിന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഫാര്‍മ, എഫ്എംസിജി, സൂചികകള്‍ ഒഴികെ മറ്റുള്ളവയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി ആറു ശതമാനം നേട്ടം ഉണ്ടാക്കി.