ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഫോണില്‍ കരുതണമെന്ന നിര്‍ദ്ദേശവുമായി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഡെലിവറി പാര്‍ട്ട്നര്‍മാരും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് സെമാറ്റോ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സൊമാറ്റോ സ്ഥാപകനായ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ബാധിതരായവരുടെ ഇടയിലേക്ക് തങ്ങള്‍ ചെന്നിട്ടുണ്ടോയെന്ന് സ്വയം അറിയാനും ആ വിവരം അധികാരികള്‍ അറിഞ്ഞിരിക്കാനും അത് വഴി രോഗം പടരുന്നത് തടയാനും കഴിയുമെന്നും ഗോയല്‍ വ്യക്തമാക്കി.
വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗബാധിതനെയും രോഗസാധ്യതയുള്ള വ്യക്തികളെയും പിന്തുടരുകയും മറ്റുള്ളവര്‍ക്ക് ഇത് സംബബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. കോടിക്കണക്കിന് ആളുകളാണ് ഈ ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.