പാരീസ്: ലോക രാഷ്ട്രങ്ങളുടെ രഹസ്യങ്ങള്‍ ഹാക്കര്മാരിലൂടെ ചോര്‍ത്തി ചൈന. ഫ്രാന്‍സിന്റെ ഐടി സാങ്കേതിക വിദഗ്ധരാണ് ചൈനയുടെ മറ്റൊരു കുതന്ത്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനയുടെ സൈനിക നിയന്ത്രണത്തിലുള്ള ഹാക്കിംഗ് സംഘമായ നായ്ക്കോണാണ് രഹസ്യ പദ്ധതി നടപ്പാക്കുന്നത്. രാജ്യങ്ങളുടെ മുഴുവന്‍ ഭൂമിശാസ്ത്രപരമായ രേഖകളാണ് ഹാക്ക്ചെയ്തത്. പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍ഗാഡ്ജെറ്റ് എന്ന സാങ്കേതിക ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന സൈറ്റാണ് ചൈനയുടെ തന്ത്രം മനസ്സിലാക്കിയത്.
നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമഗ്രവിവരങ്ങള്‍ ചൈനയുടെ കയ്യിലായിക്കഴിഞ്ഞു. ഇതില്‍ നായ്ക്കോണ് ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, തായ്ലാന്റ്, മിയാന്മാര്, ബ്രൂണായ് എന്നീ രാജ്യങ്ങളുടെ വിവരങ്ങള്‍ ചൈനയുടെ കയ്യിലുണ്ടെന്ന് ഫ്രാന്‍സിലെ സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇത്രയും രാജ്യങ്ങളുടെ വിദേശ കാര്യരേഖകള്, ശാസ്ത്രരംഗത്തെ രേഖകള്‍, സാങ്കേതിക വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ചൈനയുടെ ഹാക്കര്‍മാര്‍ ശേഖരിച്ചതായും പാരീസ് വൃത്തങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഫിഷിംഗ് സംവിധാനത്തിലൂടെയാണ് ആദ്യ ഘട്ടം അവര്‍ നടപ്പാക്കിയത്. ഇതിനായി ഔദ്യോഗികമെന്ന് തോന്നുന്ന സൈറ്റുകള്‍ ഉണ്ടാക്കി അവരുദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് അയക്കുകയാണ് ചെയ്തത്. ഇതിലൂടെ പൊതു വിവരങ്ങള്‍ ശേഖരിച്ചു. അരിയാ-ബോഡി എന്ന ഒരു പിന്‍വാതില്‍ സംവിധാനത്തിലൂടെ ഇ-മെയില്‍ തുറന്ന എല്ലാ സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ ചൈന നായ്ക്കോണ് ചോര്‍ത്തി. തുടര്‍ന്ന് അതേ കംപ്യൂട്ടറുകളുടെ സഹായത്താല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവരങ്ങള്‍ നായ്ക്കോണ് പകര്‍ത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.