ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണില്‍ കുടുങ്ങിയതോടെ സമയം ചെലവഴിക്കാനായി വേറിട്ട മാര്‍ഗങ്ങളാണ് കായിക താരങ്ങള്‍ സ്വീകരിക്കുന്നത്. അത്തരത്തില്‍ ടിക് ടോക് വീഡിയോയുമായി സജീവമായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിനെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ്.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്ക് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിന് ചുണ്ടുചലിപ്പിക്കുന്ന ടിക് ടോക്ക് വീഡിയോ വാര്‍ണര്‍ നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുരി ജഗന്നാഥ് വാര്‍ണറിനെ അഭിനന്ദിച്ചതും സിനിമയിലേക്ക് ക്ഷണിച്ചതും. തന്റെ ഏതെങ്കിലും ഒരു ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടണമെന്നാണ് അദ്ദേഹം വാര്‍ണറിനോട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുരി ജഗന്നാഥിന്റെ വാക്കുകള്‍ക്ക് ഡേവിഡ് വാര്‍ണര്‍ നന്ദി അറിയിക്കുകയും ചെയ്തു.
ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സി അണിഞ്ഞ് ബാറ്റ് ക്യാമറയിലേക്ക് ചൂണ്ടിയായിരുന്നു വാര്‍ണര്‍ പോക്കിരിയിലെ ഡയലോഗ് ടിക് ടോക്ക് വീഡിയോ ചെയ്തത്. സിനിമ ഏതാണെന്ന് ഊഹിക്കൂ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരുന്നത്. ഡയലോഗ് പറയാന്‍ ശ്രമിച്ചു നോക്കാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
കുടുംബത്തോടൊപ്പമുള്ള മറ്റ് നിരവധി ടിക് ടോക്ക് വീഡിയോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഭാര്യയും മകളുമൊത്തുള്ള അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദി സിനിമയായ തീസ് മാര്‍ ഖാനിലെ ഷീലാ കീ ജവാനി ഗാനത്തിന് ചുവടുവെയ്‌ക്കുന്ന വാര്‍ണറിന്റേയും മകളുടേയും വീഡിയോയ്‌ക്കും തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ ബുട്ടബൊമ്മ എന്ന ഗാനത്തിന് ചുവടുവെയ്‌ക്കുന്ന വാര്‍ണറിനേയും ഭാര്യ കാന്‍ഡൈസ് വാര്‍ണറിന്റേയും വീഡിയോയ്‌ക്കും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
https://twitter.com/purijagan/status/1259396992419028992
https://www.instagram.com/p/B__4HjQJMLx/?utm_source=ig_embed















