തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രന്‍ അറസ്റ്റില്‍. 2017ല്‍ ജയമാധവന്‍ നായര്‍ മരിച്ച സംഭവത്തില്‍ കൊലപാതകമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് നടപടി. വര്‍ഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. കോഴിക്കോട് കൂടത്തായി കൊലപാതകക്കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് തിരുവനന്തപുരത്തെ കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളും പൊതുശ്രദ്ധ നേടിയത്. ഏകദേശം 15 വര്‍ഷത്തിനിടെ കുടുംബവുമായി ബന്ധപ്പെട്ട ഏഴ് മരണങ്ങളാണ് ഉണ്ടായത്. 500 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമകളായിരുന്നു കുടുംബാംഗങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബത്തിലെ അവസാനത്തെ അംഗങ്ങളിലൊരാളായ ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. 2017 ഏപ്രില്‍ രണ്ടിന് തറവാട്ടില്‍ ബോധരഹിതനായി കണ്ടെത്തിയ ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ നല്‍കിയ മൊഴി. എന്നാല്‍, മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ സംശയം ഉയര്‍ന്നതോടെ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി. സമീപത്ത് ഓട്ടോറിക്ഷ ഉണ്ടായിരുന്നിട്ടും ദൂരെയുള്ള സുഹൃത്തിന്റെ ഓട്ടോ വിളിച്ചുവരുത്തിയാണ് ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കട്ടിലില്‍നിന്ന് വീണപ്പോള്‍ തലയ്‌ക്കേറ്റ പരിക്കാകാം മരണകാരണമെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വീട്ടില്‍ കണ്ടെത്തിയ രക്തക്കറ പരിശോധിച്ചതോടെയാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയം ശക്തമായത്. ക്രൈംബ്രാഞ്ച് എസിപി എം.കെ. സുള്‍ഫീക്കറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായതെന്നാണ് വിവരം. കൂടത്തില്‍ കുടുംബത്തിലെ ഗോപിനാഥപിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ എന്നിവര്‍ ഉള്‍പ്പെടെ കുടുംബവുമായി ബന്ധപ്പെട്ട ഏഴ് പേരാണ് വിവിധ സമയങ്ങളിലായി മരിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കുടുംബാംഗങ്ങളുടെ മരണങ്ങള്‍ക്ക് പിന്നാലെ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കള്‍ ഇഷ്ടദാനരേഖയുടെ അടിസ്ഥാനത്തില്‍ രവീന്ദ്രനും ബന്ധുക്കളും കൈവശപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനെതിരെ നാട്ടുകാരനായ അനില്‍കുമാറും ബന്ധുവായ പ്രസന്നകുമാരിയും പരാതി നല്‍കി. സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട രേഖ വ്യാജമാണെന്ന സംശയവും അന്വേഷണത്തില്‍ പരിശോധിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും സ്വത്ത് കൈമാറ്റത്തിലെ ആരോപണങ്ങളും കേസിന്റെ തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. ആരോപണങ്ങളില്‍ അന്തിമതീരുമാനം കോടതിവിധിയിലൂടെയായിരിക്കും.















