റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംബസി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി എംബസിയുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. സൗദിയിലുള്ളവര്‍ക്ക് 8002471234 എന്ന നമ്പറിലും ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് 96611488469 എന്ന നമ്പറിലും ബന്ധപ്പെടാം.
966536216082 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴിയും സഹായം തേടാം. ഇമെയില്‍: pbskcgi@gmail.com. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകരും മറ്റ് യാത്രക്കാരും അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് റദ്ദാക്കിയിട്ടുണ്ടോ, സമയം മാറ്റിയിട്ടുണ്ടോ, ബദല്‍ യാത്രാ സൗകര്യങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.
താമസസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ട്രാവല്‍ ഏജന്റുമാരുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും കൃത്യമായി ആശയവിനിമയം നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായും പ്രാദേശിക അധികാരികളുമായും ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നതും സമയം മാറ്റുന്നതും സംബന്ധിച്ച് വിമാനക്കമ്പനികളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പങ്കുവെക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
റിയാദ് വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും വിവരമുണ്ട്. ജിദ്ദ, ദമാം വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ വിമാനക്കമ്പനികളില്‍നിന്നും എംബസിയുടെ ഔദ്യോഗിക ചാനലുകളില്‍നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണം.















