മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാലക്കാട്ടുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ആല്‍ത്തറ ഭാഗത്തെ കയറ്റം കയറുന്നതിനിടെ പെട്ടെന്ന് പിന്നിലേക്ക് ഉരുളുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പിന്നിലേക്ക് നീങ്ങിയ ലോറി സമീപത്തുണ്ടായിരുന്ന കാറിന്റെ വശത്ത് ഇടിച്ചശേഷം തുണിക്കടയുടെ മുന്‍വശത്ത് ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് റോഡില്‍ കൂടുതല്‍ വാഹനങ്ങളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ പത്തുമിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ലോറിക്ക് മറ്റ് സാങ്കേതിക തകരാറുകളൊന്നും കണ്ടെത്താത്തതിനെത്തുടര്‍ന്ന് വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.















